കൊച്ചി: മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രചാരണ വാഹനങ്ങളുടെ കോലാഹലങ്ങൾ നിറയവെ ഇനി അഞ്ചാം നാൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്ക്. കേരളത്തിൽ എം.എൽ.എമാരുടെ എണ്ണത്തിൽ സെഞ്ച്വറി തികക്കാൻ ക്യാപ്റ്റൻ പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാറ്റേന്തുന്ന കാഴ്ചയാണ് എൽ.ഡി.എഫ് പക്ഷത്ത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും യു.ഡി.എഫ് ചതുരംഗ പലകയിൽ ഓരോ കരുവും നീക്കുന്നു. ആരെങ്കിലും വോട്ടുചോദിക്കാത്ത ആരുമില്ല മണ്ഡലത്തിലെ വോട്ടർമാരിൽ എന്നതാണ് കൗതുകം. 31നാണ് തെരഞ്ഞെടുപ്പ്.
മണ്ഡലത്തിലെ 164 ബൂത്തുകളിലായി ഉമ തോമസിനായി യു.ഡി.എഫ് നേതാക്കൾ വീടുകള്‍ കയറി വോട്ട് തേടുകയാണ്. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാണ് ഭവനസന്ദര്‍ശന പര്യടനം. കെ.സി. വേണുഗോപാല്‍, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസൻ, കെ.പി.സി.സി പ്രചാരണ സമിതി ചെയര്മാന് കെ. മുരളീധരന് തുടങ്ങിയവരും വീടുകൾ കയറി.
കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ പൊതുയോഗത്തിൽ സംസാരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പ്രചാരണത്തിൽ പങ്കെടുത്തത്. എൽ.ഡി.എഫ് പക്ഷത്ത് പര്യടന വാഹനത്തിനൊപ്പം ചേർന്നാണ് മന്ത്രിമാരുടെ വോട്ടുതേടൽ. വി. ശിവൻകുട്ടി പാലാരിവട്ടത്തും മുഹമ്മദ് റിയാസ് വൈറ്റിലയിലും ജോ ജോസഫിനായി വോട്ടുതേടി. വീണ ജോർജ്, വി.എൻ. വാസവൻ, അബ്ദുറഹ്മാൻ, കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പര്യടനം നടത്തി.
എൻ.ഡി.എയിൽ കുമ്മനം രാജശേഖരൻ, കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ എ.എൻ. രാധാകൃഷ്ണന് ഒപ്പം സജീവമായി രംഗത്തുണ്ട്.
കൊച്ചി: ആരോഗ്യകരമായി സംവദിക്കാൻ ആശയ ദാരിദ്ര്യം ഉള്ളതുകൊണ്ടാണ് മറുഭാഗം വ്യാജ വിഡിയോകൾ പ്രചരിപ്പിക്കുന്നതെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ ഭാര്യ ഡോ. ദയ പാസ്കല്‍. വ്യാജ വിഡിയോ പ്രചരിപ്പിക്കുകയും കുടുംബത്തിനെതിരെ അപവാദപ്രചാരണം നടത്തുകയുമാണ് ഒരു വിഭാഗം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും തങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോകണം, ജോലി ചെയ്ത് ജീവിക്കണം. അപവാദ പ്രചാരണം എല്ലാ പരിധിയും വിട്ടതുകൊണ്ടാണ് പ്രതികരിക്കേണ്ടി വന്നത്. പാർട്ടി നിയമ നടപടി സ്വീകരിച്ചതിനാൽ കേസ് കൊടുക്കുന്നില്ലെന്നും ദയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.