കരുനാഗപ്പള്ളി: ചെങ്കല്ല് കെട്ടിയ ഒറ്റമുറി വീട്ടിലിരുന്ന് റേഡിയോയിലൂടെ ഉമ്മൻ ചാണ്ടി അന്തരിച്ച വാർത്ത കേട്ടപ്പോൾ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ വിടവാങ്ങിയപോലെ വിതുമ്പുകയായിരുന്നു ഈ വീട്ടമ്മ. പാവുമ്പ തെക്ക് വാഴപ്പള്ളി മീനത്തേരിൽ സുമതിക്കുട്ടിയമ്മക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉറവ വറ്റാത്ത കാരുണ്യമാണ്.
വിധവയായ ഇവർക്ക് രണ്ട് പെൺകുട്ടികളായിരുന്നുണ്ടായിരുന്നത്. ഇതിൽ ഇളയ പെൺകുട്ടി ശ്രീവിദ്യകുമാരി പഠന ശേഷം തിരുനെൽവേലിയിലെ എൻജിനീയറിങ് കോളജിൽ പ്രവേശനം നേടുകയും ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് പഠനം തുടരുകയും ചെയ്യവെ, 2010ൽ ബ്രെയിൻ ട്യൂമറിനെ തുടർന്ന് മരിച്ചു.
വിദ്യാഭ്യാസ വായ്പ അടച്ചുതീർക്കാൻ കഴിയാതെ കിടപ്പാടമുൾപ്പെടെ ജപ്തി ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങി. പണം തിരിച്ചടക്കാനാവാതെ ദുരിതത്തിലായ സുമതിയമ്മയുടെ വാർത്ത പാവുമ്പയിലെ ചില യുവജന സംഘടനകളുടെ ഇടപെടലിൽ പത്രങ്ങളിൽ വാർത്തയായി. കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ച് പത്രം വാങ്ങി വായിക്കുന്നതിനിടയിലാണ് സുമതിക്കുട്ടിയമ്മയുടെ ദുരിതകഥ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന്, ജില്ലയിലെ ജനപ്രതിനിധികളുമായും പാർട്ടി നേതാക്കളുമായും ബന്ധപ്പെട്ട് സുമതിക്കുട്ടിയമ്മയെ കണ്ടെത്തി മുഖ്യമന്ത്രി ഓഫിസിലേക്ക് വിളിപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ കണ്ടപ്പോൾ കൈകൂപ്പി കരഞ്ഞുപോയ തന്നെ നെഞ്ചോട് ചേർത്തുപിടിച്ച് ‘കരയാതിരിക്കാൻ വേണ്ടിയല്ലേ ഞാൻ ഇവിടേക്ക് വിളിപ്പിച്ചതെന്ന്’ ചോദിച്ചത് ദൈവവചനം പോലെയാണ് ഓർക്കുന്നതെന്ന് സുമതിയമ്മ പറയുന്നു. ബാങ്കിലേക്ക് പൊയ്ക്കോളൂ, വായ്പയുടെ കാര്യം ഞങ്ങൾ പരിഹരിച്ചുകൊള്ളാമെന്ന് വാക്ക് നൽകിയാണ് സുമതിക്കുട്ടിയമ്മയെ മടക്കി അയച്ചത്. പിന്നീട്, സർക്കാർ ഇടപെട്ട് നാലുലക്ഷത്തോളം വരുന്ന ബാങ്ക് വായ്പ തീർപ്പാക്കുകയും വസ്തുവിന്റെ ആധാരം വീണ്ടെടുത്ത് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.