കോട്ടയം: കഴിഞ്ഞ 53വർഷം ഉമ്മൻ ചാണ്ടി അല്ലാതെ മറ്റൊരുപേര് പുതുപ്പള്ളിക്കാരുടെ മനസ്സിലുണ്ടായിരുന്നില്ല. പക്ഷേ, ഇനി പുതിയൊരു നായകനെ അവർക്ക് കണ്ടുപിടിക്കണം. ‘നേതാവ് പോയി, ഞങ്ങൾ അനാഥരായി’ -ഉമ്മൻ ചാണ്ടിയുടെ സംസ്കാരചടങ്ങുകൾക്കിടയിൽ പുതുപ്പള്ളിക്കാർ ഒരുപോലെ പറഞ്ഞത് ഇതായിരുന്നു.
1970 മുതൽ ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ കരങ്ങൾ ചേർത്തുപിടിച്ച പുതുപ്പള്ളിക്കാർ വെള്ളിയാഴ്ച പുലർച്ചയാണ് ആ വിരൽത്തുമ്പിലെ പിടി അയച്ചത്. ഇനി ആറുമാസത്തിനുള്ളിൽ പുതിയൊരു എം.എൽ.എയെ കണ്ടെത്തേണ്ടിവരും. ആരാകും ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെന്നാകും രാഷ്ട്രീയ കേരളം ഉറ്റുനോക്കുക.
ഉമ്മൻ ചാണ്ടിയുടെ ജനകീയത അലയടിക്കുന്ന പുതുപ്പള്ളി, ഉപതെരഞ്ഞെടുപ്പിലും കൈവിടില്ലെന്ന പ്രതീക്ഷ യു.ഡി.എഫ് വെക്കുമ്പോൾ ഉമ്മൻ ചാണ്ടിയായിരുന്നു മണ്ഡലത്തിൽ തങ്ങളുടെ എതിരാളിയെന്ന നിലപാടിലാണ് എൽ.ഡി.എഫ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്ന് ഒരാൾ വരുന്നതിൽ സന്തോഷം പ്രകടിപ്പിക്കുന്ന കോൺഗ്രസ് നേതൃത്വം പക്ഷേ, കുടുംബാംഗമായിരിക്കും സ്ഥാനാർഥിയെന്ന് ഉറപ്പിച്ചുപറയുന്നുമില്ല. ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.
പിതാവിന്റെ വിലാപയാത്രക്കൊപ്പം കരഞ്ഞുകലങ്ങിയ കണ്ണുമായി കേരളത്തിന്റെ വാത്സല്യമേറ്റുവാങ്ങിയ, ഹൃദയത്തിൽനിന്ന് ജനതക്ക് നന്ദി രേഖപ്പെടുത്തിയ ചാണ്ടി ഉമ്മന് സാധ്യതയേറെയാണ്.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ പി.സി. ചെറിയാനെ ജയിപ്പിച്ച് കോൺഗ്രസ് അനുകൂലമായ മനസ്സാണ് പുതുപ്പള്ളിക്കെന്ന സൂചന നൽകി. ’60ലും അത് ആവർത്തിച്ചു. എന്നാൽ ’67ൽ സി.പി.എമ്മിന്റെ ഇ.എം. ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, 1970ൽ അട്ടിമറിയിലൂടെ ഉമ്മൻ ചാണ്ടി തങ്ങളുടെ എം.എൽ.എയായി എത്തിയതോടെ പിന്നീട് പുതുപ്പള്ളിക്കാർക്ക് മറ്റൊരാളെക്കുറിച്ച് ഇതുവരെ ചിന്തിക്കേണ്ടിവന്നില്ല. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഭൂരിപക്ഷം മാത്രമായിരുന്നു പ്രശ്നം. എന്നാൽ, കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളുടെ കാലഘട്ടത്തിനിടയിൽ മണ്ഡലത്തിന്റെ നിറവും സ്വഭാവവും മാറുകയാണ്.
ജെയ്ക് സി.തോമസിനെതിരെ 9044 വോട്ടുകൾക്കാണ് ഒടുവിൽ ഉമ്മൻ ചാണ്ടി ജയിച്ചുകയറിയത്. ഭൂരിപക്ഷം 13.36 ശതമാനം കുറഞ്ഞു. എന്നാൽ, ഉമ്മൻ ചാണ്ടിയായതിനാൽ മാത്രമാണ് മണ്ഡലം തങ്ങൾക്ക് നഷ്ടപ്പെടുന്നതെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. യു.ഡി.എഫല്ല, ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയാണ് പുതുപ്പള്ളിയിൽ തങ്ങൾക്കെതിരെ മത്സരിച്ചുവന്നതെന്ന് മന്ത്രി വി.എൻ. വാസവനും സാക്ഷ്യപ്പെടുത്തുന്നു.
പുതുപ്പള്ളി അനാഥമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് പറയുമ്പോൾ ഉപതെരഞ്ഞെടുപ്പിൽ ആ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
കോട്ടയം: പുതുപ്പള്ളി നിയമസഭ മണ്ഡലത്തിന്റെ സ്വഭാവത്തിൽ വന്ന മാറ്റം എൽ.ഡി.എഫിന് പ്രതീക്ഷയും യു.ഡി.എഫിന് ആശങ്കയും നൽകുന്നു. എട്ട് പഞ്ചായത്തുകൾ ഉൾപ്പെട്ട മണ്ഡലത്തിൽ രണ്ട് പഞ്ചായത്തിലൊഴികെ ഭരണം എൽ.ഡി.എഫിനാണ്. മീനടത്തും അയർക്കുന്നത്തും മാത്രമാണ് യു.ഡി.എഫ് ഭരണം.
ചരിത്രത്തിൽ ആദ്യമായാണ് മണർകാട് പഞ്ചായത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നത്. 24 വർഷങ്ങൾക്ക് ശേഷം ഒരിക്കൽകൂടി പുതുപ്പള്ളി പഞ്ചായത്തും ചുവപ്പണിഞ്ഞു. വാകത്താനം, പാമ്പാടി, അകലക്കുന്നം, കൂരോപ്പട എന്നിവിടങ്ങളിലും ഭരണം ഇടതുപക്ഷത്തിനുതന്നെ. എന്നാൽ, ജനനായകന്റെ നിര്യാണത്തെ തുടർന്ന് വന്ന ഉപതെരഞ്ഞടുപ്പിൽ ഈ രാഷ്ട്രീയമൊന്നും പ്രതിഫലിക്കില്ലെന്ന വിശ്വാസമാണ് യു.ഡി.എഫ് പ്രകടിപ്പിക്കുന്നത്. ഉമ്മൻ ചാണ്ടിയെന്ന പൊതുവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.