തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ‘ക്രെഡിറ്റ്’ ആർക്കെന്നതിനെച്ചൊല്ലി യു.ഡി.എഫ്-എൽ.ഡി.എഫ് തർക്കം തുടരുന്നതിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘എന്ത് അഴിമതി ആരോപണം ഉന്നയിച്ചാലും വിഴിഞ്ഞം യാഥാർഥ്യമാക്കുമെന്ന്’ 2015ൽ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചതിന്റെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
‘ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും, യാതൊരു സംശയവും വേണ്ട. നിങ്ങൾ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിർദേശവും വച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവൻ സ്വീകരിക്കാൻ തയാറാണ്. അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല എന്നു പറയാൻ ആഗ്രഹിക്കുകയാണ്’.- ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞത്.
കപ്പലിന് നിശ്ചയിച്ച സ്വീകരണ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ അടക്കം പങ്കെടുപ്പിക്കാത്തതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. തുറമുഖം യാഥാർഥ്യമാക്കാൻ പരിശ്രമിച്ച യു.ഡി.എഫ് സർക്കാറിന് ക്രെഡിറ്റ് പോകുമെന്ന് കരുതിയാണ് പ്രതിപക്ഷത്തെ ഒഴിവാക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തിയത്. ‘ഓർമകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ട്’ എന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനിടെ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നല്കണമെന്ന ആവശ്യമുയർത്തി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി രംഗത്തെത്തി. ‘വിഴിഞ്ഞം 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയാണെന്ന് പറഞ്ഞയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും യു.ഡി.എഫ് വിമർശിക്കുന്നു.
അതേസമയം, ഒന്നും രണ്ടും പിണറായി സർക്കാറുകളുടെ നിരന്തര ഇടപെടൽ വഴിയാണ് പ്രതിബന്ധങ്ങൾ കടന്ന് തുറമുഖം യാഥാർഥ്യമായതെന്ന വാദം ആവർത്തിക്കുകയാണ് ഇടതുപക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.