ഉമ്മൻചാണ്ടിയുടെ ചികിത്സ വീണ്ടും വിവാദമാക്കി സി.പി.എം; ചികിത്സ ഉറപ്പാക്കാൻ സർക്കാർ ഇടപെടേണ്ടി വന്നുവെന്ന് കെ. അനിൽ കുമാർ

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വേളയിൽ ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദം വീണ്ടും ഉയർത്തി സി.പി.എം. ഉമ്മൻചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാൻ സർക്കാർ ഇടപെടേണ്ടി വന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ഇടപെടാനുള്ള സാഹചര്യം ഒരുക്കിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്നും അനിൽ കുമാർ ആരോപിച്ചു.


കെ. അനിൽ കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വി.ഡി സതീശന്‍റെ പുണ്യവാള രാഷ്ട്രീയത്തിനു് മറുപടിയില്ലേ?

ബഹു: പ്രതിപക്ഷ നേതാവേ,

അങ്ങേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു. ആദരണീയനായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിനു ശേഷം താങ്കൾ അദ്ദേഹത്തോടുള്ള മുൻ നിലപാട് മാറ്റുന്നതായി കണ്ടു. ഉമ്മൻ ചാണ്ടിയെ പുണ്യവാളനായി പ്രഖ്യാപിക്കാൻ മത നേതൃത്വത്തോട് എറണാകുളത്തെ അനുശോചന യോഗത്തിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിശ്വാസത്തെ ദുരുപയോഗിക്കരുതെന്ന് അങ്ങേയ്ക്കും അറിയുമല്ലോ. തൃപ്പൂണിത്തുറയിലെ തെരഞ്ഞെടുപ്പ് കേസിന്‍റെ വിധിയിൽ കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്ന് ബഹു: കേരള ഹൈക്കോടതിയുടെ ഒരു വിധി നിലവിലുണ്ട്.

യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനോട് ഒരു മാധ്യമം പ്രതികരണമാവശ്യപ്പെട്ടപ്പോൾ ''നിങ്ങൾ പള്ളിയിലേക്ക് വരൂ, അവിടെ മറ്റു ചാനലുകൾ എത്തിയിട്ടുണ്ട്, ഒരുമിച്ച് പ്രതികരിക്കാം" എന്ന് ചാണ്ടി ഉമ്മൻ മറുപടി പറയുന്നത് കണ്ടു.

ആരാധനാലയത്തെ തെരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കാൻ ചാണ്ടി ഉമ്മൻ ഒരു മാധ്യമത്തെ പള്ളിയിലേക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. താങ്കളുടെ പുണ്യവാള രാഷ്ട്രീയത്തിന്‍റെ വഴിയിൽ സ്ഥാനാർഥി സഞ്ചരിച്ചത് അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ അയോഗ്യത നൽകിക്കഴിഞ്ഞു. അതിനാൽ രണ്ടാമതും ഒരു കത്തു കൂടി അയക്കുന്നു.

താങ്കൾക്ക് ഉമ്മൻ ചാണ്ടിയോടുള്ള "സ്നേഹം'' ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണ്. ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിൽ കേരള സർക്കാരിന് പ്രത്യേക ഇടപെടൽ നടത്തേണ്ടി വന്നുവല്ലോ. അതിന്‍റെ സാഹചര്യം ഒരുക്കിയതിൽ ഉത്തരവാദിത്തം താങ്കൾ കൂടി പങ്കിടേണ്ടതല്ലേ.

പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബി.ജെ.പിക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാൽ വീണ്ടും പറയെട്ടെ.

പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്.

അഡ്വ. കെ. അനിൽകുമാർ.

Tags:    
News Summary - Oommen Chandy's treatment has been controversial again by CPM in Puthuppally Byelection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.