ആവശ്യത്തിന് കമ്പിയും സിമന്‍റും ഉപയോഗിക്കാത്ത കെ.എസ്.ആർ.ടി.സി കെട്ടിടം കൽമന്ദിരമായെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയ നിർമാണത്തിലെ അപാകതകൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. ആവശ്യത്തിന് കമ്പിയും സിമന്‍റും ഉപയോഗിക്കാത്ത കെട്ടിടം കൽമന്ദിരമായെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ടി. സിദ്ദീഖ് ആരോപിച്ചു.

കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ നിർമാണത്തിലെ അപാകതകൾ കാരണം കെട്ടിടത്തിനുണ്ടായ ബലക്ഷയം, മാനദണ്ഡങ്ങളിൽ ഇളവ് നൽകി കെട്ടിടം കുറഞ്ഞ തുകക്ക് പാട്ടത്തിന് നൽകിയത് വഴിയുള്ള സാമ്പത്തിക നഷ്ടം എന്നിവ ചർച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്.

സംസ്ഥാന സർക്കാറിനെ പണം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിക്കുന്നതെന്ന് ടി. സിദ്ദീഖ് ചൂണ്ടിക്കാട്ടി. 2011 മുതൽ 2013 വരെ മൂന്നു കോടി മാത്രമാണ് കെട്ടിടത്തിൽ നിന്ന് ലഭിച്ചത്. മന്ദിരം ഉപയോഗിക്കാൻ സാധിക്കാത്ത കൽ മന്ദിരമായി മാറി കഴിഞ്ഞു.

കെട്ടിടം അത്യാസന്ന നിലയിലാണെന്ന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിലുണ്ട്. കെട്ടിടത്തിൽ കമ്പിയും സിമന്‍റുമില്ല. ടെൻണ്ടർ നടപടിയിൽ ഗുരുതര വീഴ്ചയാണ് സർക്കാറിന് സംഭവിച്ചത്. അലിഫ് ബിൽഡേഴ്സിന് ചുളുവിലക്കാണ് സർക്കാർ കെട്ടിടം വാടകക്ക് നൽകിയതെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടി.

കെട്ടിടത്തിന് ബലക്ഷയമുണ്ടായ സംഭവത്തിൽ ആർകിടെക്ടിൽ നിന്ന് പണം ഈടാക്കാൻ നടപടി തുടങ്ങിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു സഭയെ അറിയിച്ചു. 54 കോടി രൂപയായിരുന്നു കെട്ടിടത്തിന്‍റെ അടങ്കൽ തുക. നിർമാണം പൂർത്തിയായപ്പോൾ 75 കോടി രൂപയായി. കെട്ടിടം പാട്ടത്തിന് നൽകിയത് വഴി യാതൊരു നഷ്ടവും സർക്കാറിന് ഉണ്ടായിട്ടില്ല. പ്രതിമാസം 72 ലക്ഷം രൂപ വാടകക്കാണ് കെട്ടിടം നൽകിയിട്ടുള്ളത്. വാടകത്തുക കുറവല്ലെന്നും മന്ത്രി പറഞ്ഞു.

2018ൽ തന്നെ സമുച്ചയത്തിന്‍റെ അടിത്തറയിലെ പൊട്ടൽ ശ്രദ്ധയിൽപ്പെട്ടു. കെട്ടിടത്തിന്‍റെ പ്ലാനും നിർമാണവും തമ്മിൽ വ്യത്യാസമുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് ലഭിക്കും. പിഴവ് നടത്തിയ എല്ലാവർക്കും എതിരെ നടപടി സ്വീകരിക്കും.

വി.എസ് ശിവകുമാറും ആര്യാടൻ മുഹമ്മദും തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രിയായിരുന്ന സമയത്താണ് കെട്ടിടത്തിന്‍റെ നിർമാണം നടന്നത്. ജേക്കബ് തോമസും സെൻകുമാറും ഉഷാദേവിയുമാണ് അന്നത്തെ എം.ഡിമാർ. കെട്ടിടം മറ്റൊരു പാലാരിവട്ടമാണോ എന്ന് പരിശോധിച്ച് വരികയാണ്. പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തര പ്രമേയം കൊണ്ടുവന്നതെന്നും ആന്‍റണി രാജു ചോദ്യം ഉന്നയിച്ചു.

Tags:    
News Summary - Opposition Adjournment motion in kozhikode ksrtc building irregularities in Kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.