കൈയ്യേറ്റം ഒഴിപ്പിക്കൽ: സർവകക്ഷി യോഗതീരുമാനം അട്ടിമറിക്കുന്നു -പ്രതിപക്ഷം

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന സർവകക്ഷിയോഗ തീരുമാനം സർക്കാർ അട്ടിമറിക്കുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. സർവകക്ഷി യോഗത്തിന് ശേഷം ഒഴിപ്പിക്കൽ നടപടികൾക്ക് വേഗതയില്ലെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പി.ടി തോമസ് ആരോപിച്ചു.

ബിനോയ് വിശ്വം വനം മന്ത്രിയായിരുന്നപ്പോൾ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച ഉത്തരവ് പുനഃപരിശോധിക്കുന്ന വിവരം സർവകക്ഷി യോഗത്തിൽ നിന്ന് സർക്കാർ മറച്ചുവെച്ചു. ഇടുക്കി എം.പി ജോയ്സ് ജോർജ് അടക്കമുള്ളവരുടെ കൈയ്യേറ്റങ്ങൾ സാധൂകരിക്കുന്നതിനാണ് ഉത്തരവ് പുനഃപരിശോധിക്കാനുള്ള സർക്കാർ നീക്കമെന്നും തോമസ് ചൂണ്ടിക്കാട്ടി. 

ഏലമലക്കാടുകളില്‍ മരങ്ങളുടെ ശിഖരം മുറിക്കാനും നീലക്കുറിഞ്ഞി സംരക്ഷണ മേഖലയിലെ മരം മുറിക്കാനും അനുമതി നല്‍കാൻ മാര്‍ച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. ഈ യോഗത്തിന്‍റെ മിനിട്സ് പി.ടി തോമസ് സഭയിൽ വായിച്ചു. 

സർക്കാർ ഭൂമിയിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് തുടരുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സഭയെ അറിയിച്ചു. സര്‍ക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിട്ടില്ല. കൂട്ടുത്തരവാദിത്തത്തിന് ഒരു കോട്ടവുമില്ല. മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം. സര്‍വകക്ഷി യോഗത്തിന് ശേഷവും മൂന്നാറില്‍ നടപടികള്‍ തുടരുകയാണ്. എന്നാൽ, കൂട്ടുത്തരവാദിത്തം ഇല്ലെന്ന് ആരോപിച്ച് പുകമറ സൃഷ്ടിക്കാനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്നും റവന്യൂ മന്ത്രി ആരോപിച്ചു.

Tags:    
News Summary - opposition adjournment motion in munnar land encroachment in kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.