ന്യൂഡൽഹി: കേരളത്തിൽ ഇരുന്നുകൊണ്ട് സംസ്ഥാനത്തിന്റെ പൊതുതാൽപര്യങ്ങൾക്ക് തുരങ്കം വെക്കുന്നതാണ് പലപ്പോഴും പ്രതിപക്ഷ കക്ഷികളുടെ നിലപാടെന്ന് ധനമന്ത്രി കെ. ബാലഗോപാൽ. കിഫ്ബിയിലടക്കം കോൺഗ്രസിന്റെ നിലപാട് ആർക്കാണ് പിൽക്കാലത്ത് ഗുണമായതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ പിന്നോട്ടുവലിക്കുന്നതിൽ ആ പ്രതിഷേധങ്ങൾക്കുണ്ടായ പങ്കും വിലയിരുത്തണം. കെ റെയിൽ നടപ്പാക്കില്ലെന്ന് സംസ്ഥാനത്ത് വിളിച്ചുപറയുന്ന കെ. സുരേന്ദ്രൻ ആദ്യം അത് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാറിനെയുമല്ലേ ബോധ്യപ്പെടുത്തേണ്ടതെന്നും ബാലഗോപാൽ ചോദിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മെമോറാണ്ടം നൽകിയശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തിൽ സംസ്ഥാനമാവശ്യപ്പെടുന്ന പാക്കേജ് വേഗത്തിലാക്കുക, സംസ്ഥാനത്തിന് സാമ്പത്തിക സഹായം വെട്ടിക്കുറക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മെമോറാണ്ടം നൽകിയത്. ഫണ്ട് വെട്ടിക്കുറക്കുന്നതുമൂലം സംസ്ഥാനത്തിന് കേന്ദ്രസഹായത്തിൽ പ്രതിവർഷം 4711 കോടിയോളം കുറവാണ് ഉണ്ടാവുന്നത്. നിലവിലെ സാഹചര്യത്തിൽ രണ്ടുവർഷത്തേക്കെങ്കിലും ഇത് നിർത്തിവെക്കണമെന്നും മെമോറാണ്ടത്തിൽ ആവശ്യപ്പെടുന്നു.
രാജ്യത്ത് മറ്റെങ്ങുമില്ലാത്ത വിധം ദേശീയപാത നിർമാണത്തിന് 25 ശതമാനം പണം കേരളം നൽകേണ്ടിവന്നു. ഉയർന്ന ഭൂമിവില ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം സംസ്ഥാനത്തിന്റെ വിഹിതം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ 6000 കോടി ഇതിനകം കടമെടുത്ത് ചെലവഴിച്ചു. ഈ പണം നിലവിൽ സംസ്ഥാനത്തിന് അനുവദിക്കുന്ന ഫണ്ടിൽനിന്ന് ഗഡുക്കളായി ഈടാക്കുകയാണ്. ദേശീയപാതകളിൽ ടോളുകൾ സ്ഥാപിച്ച് നിർമാണ തുക ഈടാക്കുമ്പോഴും സംസ്ഥാനത്തിന് വിഹിതമില്ലെന്നും ബാലഗോപാൽ പറഞ്ഞു. കെ റെയിൽ പദ്ധതി പരിശോധിക്കും എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. തുടർ തീരുമാനം വന്നശേഷമേ സംസ്ഥാന സർക്കാറിന് ആ വിഷയം പരിഗണിക്കേണ്ടതുള്ളൂവെന്നും ബാലഗോപാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.