തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ ഇടത് സംഘടനകൾ പ്രതിഷേധം ഉയർത്തിയതോടെ സ്മാർട്ട് മീറ്റർ പദ്ധതിയിൽ പുനരാലോചന നടത്തുന്നു. കേരളം തയാറാക്കി നൽകിയ പദ്ധതി കേന്ദ്രം അംഗീകരിച്ചിരുന്നു. വലിയനേട്ടമായാണ് ഇതിനെ സർക്കാറും വൈദ്യുതി ബോർഡും വിശേഷിപ്പിച്ചത്.
ഉപഭോക്താക്കൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതാകും പദ്ധതിയെന്ന് വിമർശനം വന്നപ്പോൾ കേന്ദ്രത്തിൽ ലഭിക്കുന്ന പണത്തിലായിരുന്നു വൈദ്യുതി ബോർഡിന്‍റെ കണ്ണ്. വൈദ്യുതി വിതരണരംഗം സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം ശക്തമാക്കിയതോടെ ഇടത് അനുകൂല സംഘടനകൾ സ്മാർട്ട് മീറ്ററിനെതിരെ കടുത്ത നിലപാട് എടുക്കുകയായിരുന്നു.
സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര നീക്കമെന്ന് ഏറെക്കുറെ വ്യക്തമായി. എല്ലാ മാസവും വൈദ്യുതി നിരക്ക് വർധനയും ആറ് മാസത്തിലൊരിക്കൽ കമ്പനികളുടെ ബാധ്യത നികത്തി നൽകണമെന്നും വ്യവസ്ഥ വരികയാണ്.
വൈദ്യുതി ബോർഡിന്‍റെ നിലനിൽപ്പിന് തന്നെ കേന്ദ്ര വ്യവസ്ഥകൾ തിരിച്ചടിയാകുമെന്ന് ഉറപ്പായിരിക്കെ കഴിഞ്ഞദിവസം ഘട്ടംഘട്ടമായി സ്മാർട്ട് മീറ്ററുകൾ സംസ്ഥാനത്ത് നടത്തുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചു. ഇതിനെതിരെ സി.പി.എം അനുകൂല സംഘടനകൾ കടുത്ത വിമർശനവുമായി രംഗത്തുവന്നു.
ഇതിന് പിന്നാലേയാണ് വിഷയം പരിശോധിക്കുമെന്ന നിലപാട് മന്ത്രി വ്യക്തമാക്കിയത്. സ്മാര്‍ട്ട് മീറ്ററുമായി ബന്ധപ്പെട്ട് കേന്ദ്ര പദ്ധതിയില്‍ ഘടനപരമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കാൻ ഊർജ സെക്രട്ടറിയെയും കെ.എസ്.ഇ.ബി ചെയർമാനെയും ചുമതലപ്പെടുത്തിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുന്നത് ഉള്‍പ്പെടെ പരിശോധിച്ച് നിർദേശങ്ങള്‍ സമര്‍പ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്‍റെ ആർ.ഡി.എസ്.എസ് പദ്ധതിയിൽ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ഉചിതമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.