തിരുവനന്തപുരം: തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമ്പോൾ ക്ലാസ് അധ്യാപകർ കുട്ടികളുടെ സമ്പൂർണ വിവരങ്ങൾ ശേഖരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. കുട്ടിയുടെ വീട്ടിലെ സ്ഥിതി, ആരോഗ്യം, കോവിഡ് വിവരങ്ങൾ, കുട്ടികളുടെ യാത്ര തുടങ്ങിയവയാണ് ശേഖരിക്കേണ്ടതെന്ന് സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ നിർദേശിക്കുന്ന സർക്കുലറിൽ പറയുന്നു.
തിങ്കളാഴ്ച മുതലുള്ള സ്കൂൾ ടൈംടേബിൾ തയാറാക്കുകയും അധ്യാപകരുടെ ചുമതല വിഭജനം പൂർത്തിയാക്കുകയും വേണം. ഓരോ വിഷയത്തിലും കുട്ടികൾ എത്തിനിൽക്കുന്ന അക്കാദമിക നില കണ്ടെത്തി രേഖപ്പെടുത്തണം. പാഠഭാഗങ്ങൾ പൂർത്തിയാക്കി പൊതുപരീക്ഷകൾക്കും വാർഷികപരീക്ഷക്കും തയാറെടുക്കണം.
കുട്ടികളുടെ ഹാജർ നിരീക്ഷിച്ച് റിപ്പോർട്ടുകൾ അയക്കണം. സ്കൂൾ കെട്ടിടങ്ങൾക്കൊപ്പം പാചകപ്പുര, ഫർണിചർ, ഉപകരണങ്ങൾ, ലൈബ്രറി, ലാബ്, സ്കൂൾ ബസ് എന്നിവ വൃത്തിയാക്കി അണുനശീകരണം നടത്തണം. ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം.
നിർമാണ പ്രവർത്തനം നടക്കുന്ന കെട്ടിടങ്ങളുടെയും തൊഴിലാളികളുടെയും അടുത്തേക്ക് കുട്ടികൾ പോകുന്നത് ഒഴിവാക്കണം. കുട്ടികൾ സ്കൂളുകളിൽ പാലിക്കേണ്ട കോവിഡ് അനുബന്ധ പെരുമാറ്റ രീതികൾ രക്ഷിതാക്കളെ അറിയിക്കണം.
പി.ടി.എ/ എസ്.എം.സി/ ക്ലാസ് പി.ടി.എ യോഗങ്ങൾ ചേരണം. തെർമൽ സ്കാനർ, മാസ്ക് ഉപയോഗം, സാനിറ്റൈസർ ഉപയോഗം എന്നിവ ഉറപ്പുവരുത്തണം. ക്ലാസ് റൂമുകളും ഹാളുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.