കാസർകോട് പാതയോര വിശ്രമകേന്ദ്രത്തിന് 5.43 ഏക്കർ അനുവദിക്കാൻ ഉത്തരവ്

കോഴിക്കോട്: കാസർകോട് ജില്ലയിൽ പാതയോര വിശ്രമകേന്ദ്രത്തിന് 5.43 ഏക്കർ അനുവദിക്കാൻ ഉത്തരവ്. ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ് ആന്റ് ഹോൾഡിംഗ് ലിമിറ്റഡ് (ഒ.കെ.ഐ.എച്ച്.എൽ) എന്ന കമ്പനിക്കാണ് പാതയോര വിശ്രമ കേന്ദ്രം സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ ഭൂമി അനുവദിച്ചത്.

കേരള ഭൂപതിവ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഇതൊരു പ്രത്യേക കേസായി പരിഗണിച്ച്, ബങ്കര മഞ്ചേശ്വരം ഗ്രൂപ്പ് ബങ്കര മഞ്ചേശ്വരം വില്ലേജിൽ തലപ്പാടിയിൽ റീസർവേ 92/7ബി, 92/8ബി, 92/9ബി, 92/10ബി, 93/6ബി, 94/1, 94/4, എന്നിവയിൽപ്പെട്ട ജി.എസ്.ടി വകുപ്പിന്റെ കൈവശം നിലവിൽ 7.46 ഏക്കർ ഭൂമിയുണ്ട്. അതിൽനിന്നും 5.43 ഏക്കർ ഭൂമി റവന്യൂ വകുപ്പിൽ പുനർ നിക്ഷിപ്തമാക്കി പാതയോര വിശ്രമകേന്ദ്രം സ്ഥാപിക്കുന്നതിന് അനുവദിക്കാൻ തീരുമാനിച്ചത്.

കമ്പോളവിലക്ക് ഓണർഷിപ്പിൽ ഒ.കെ.ഐ.എച്ച്.എല്ലിന് പതിച്ച് നൽകുന്നതിനാണ് അനുമതി. നിയമ, ധനകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഭൂമിവില ഷെയറുകളായി സർക്കാരിന് നൽകുന്നത് സംബന്ധിച്ച വിഷയത്തിൽ തുടർ നടപടി കൈകൊള്ളാൻ നോർക്ക വകുപ്പിനെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 21ന് ചേർന്ന യോഗത്തിൽ ആലപ്പുഴയിലെ ചേർത്തലയിലും കാസർകോട് തലപ്പാടിയിലും നിർദേശിച്ച ഭൂമി കമ്പോള വിലക്ക് ഓണർഷിപ്പിൽ പതിച്ചുനൽകുന്ന വിഷയം മന്ത്രിസഭയുടെ പരിഗണനക്കു വക്കുന്നതിന് തീരുമാനിച്ചിരുന്നു. തുടർന്ന് ഈ ഭൂമിയുടെ ആസ്തി ബാധ്യതകൾ ഉൾപ്പടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ലാൻഡ് കമീഷണറോട് ആവശ്യപ്പെട്ടു.

കാസർകോട് ജില്ലയിലെ ഭൂമി സംബന്ധിച്ച് മഞ്ചേശ്വരം തഹസിൽദാർ റിപ്പോർട്ട് പ്രകാരം ഭൂമിയുടെ കമ്പോള വില 5.77 കോടിയാണെന്ന് ലാൻഡ് റവന്യൂ കമീഷണർ അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി കോടതിയിൽ നിലവിലുള്ള രണ്ട് എൽ.എ.ആർ കേസുകളിലായി 1.54 കോടി രൂപയുടെ ബാധ്യത ഉണ്ടെന്നും ലാൻഡ് കമീഷണർ റിപ്പോർട്ട് ചെയ്തു.

സർക്കാരിന്റെ ഏഴ് നിബന്ധനകളിൽ ഏതെങ്കിലുമൊന്ന് ലംഘിച്ചാൽ ഭൂമി തിരിച്ചെടുക്കുമെന്ന് വ്യവസ്ഥ ചെയ്താണ് ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിന് കോസർകോട് കലക്ടറെയും ചുമതലപ്പെടുത്തി.

പ്രവാസി മലയാളികളുടെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓവര്‍സീസ് കേരള ഇൻവെസ്റ്റ്മന്റെ് ആന്‍ഡ് ഹോള്‍ഡിങ് കമ്പനിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. പ്രാദേശിക വികസനത്തിന് ആഗോള ആശയം എന്ന വീക്ഷണത്തോടെ സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്കും അതിലൂടെ അവര്‍ക്ക് ന്യായമായ ലാഭവും ഉറപ്പുവരുത്താനായി പ്രഥമ ലോക കേരള സഭയിലാണ് കമ്പനി രൂപീകരണം പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2019 ആഗസ്റ്റിലാണ് കമ്പനി രൂപീകരിച്ചത്.

Tags:    
News Summary - Order to allot 5.43 acres for roadside rest center in Kasaragod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.