തിരുവനന്തപുരം: സ്മാർട്ട് മീറ്റർ ടെൻഡർ നടപടികൾ മരവിപ്പിക്കാൻ സർക്കാർ നിർദേശം. ഊർജ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.എസ്.ഇ.ബി ചെയർമാന് ഇത് സംബന്ധിച്ച് നിർദേശം നൽകി. സ്മാർട്ട് മീറ്റർ വിഷയത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇതിനകം സർക്കാറിന് ലഭിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിൽ സർക്കാർ തീരുമാനം വന്ന ശേഷം തുടർനടപടി മതിയെന്നാണ് നിർദേശം.
കെ.എസ്.ഇ.ബി ജീവനക്കാരുടെ എതിർപ്പിനെ തുടർന്നാണ് സ്മാർട്ട് മീറ്റർ പദ്ധതി പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ട് സമർപ്പിച്ച ഘട്ടത്തിലാണ് കെ.എസ്.ഇ.ബി. മീറ്ററിനായി ടെൻഡർ വിളിച്ചത്. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനമെടുക്കും മുമ്പായിരുന്നു ബോർഡ് നീക്കം. ടെൻഡർ വിളിച്ചതിനെതിരെ ജീവനക്കാരുടെ പ്രതിഷേധമുയർന്നിരുന്നു. ടോട്ടക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ വ്യാപിപ്പിക്കുന്നത് സ്വകാര്യവത്കരണ ഭാഗമാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം. വൈദ്യുതി മേഖലയില്‍ സ്മാര്‍ട്ട് മീറ്റര്‍ അടക്കം ആധുനികവത്കരണ നടപടികള്‍ സംഘടനകള്‍ അംഗീകരിക്കുന്നെന്നും എന്നാല്‍, വൈദ്യുതി വിതരണ രംഗം സ്വകാര്യവത്കരിക്കുന്നതിന് സഹായകമായ നിലയില്‍ റവന്യൂ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുറംകരാര്‍ നല്‍കുന്നതിന് ലക്ഷ്യം വെക്കുന്ന ടോട്ടക്സ് രീതി അംഗീകരിക്കില്ലെന്നുമാണ് അവരുടെ നിലപാട്.
‘സ്മാർട്ട് മീറ്റർ’ :
കേന്ദ്ര സര്‍ക്കാറിന്റെ റിവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം (ആർ.ഡി.എസ്.എസ്) പ്രകാരമാണ് സ്മാര്‍ട്ട് മീറ്റര്‍ ഏർപ്പെടുത്തുന്നത്. വീടുകളിൽ നിലവിൽ ഇലക്ട്രോണിക് മീറ്ററാണ്. സ്മാർട്ട് മീറ്ററിൽ ഉപയോഗിക്കുന്ന ഊർജം, സമയം, നിരക്ക് അടക്കം 164 വിവരങ്ങൾ ലഭിക്കും. മൊബൈൽ ഫോണിലേതുപോലെ സിംകാർഡ് വഴിയാണ് ഇത് രേഖപ്പെടുത്തുന്നത്. ഇതുവഴി മുൻകൂർ ചാർജ് ചെയ്യാം. വൈദ്യുതി പോയാൽ കൺട്രോൾ റൂമിൽ വിവരം ലഭിക്കും. മീറ്റർ റീഡർമാർ ആവശ്യമില്ല. മീറ്റർ റീഡർ വന്ന് റീഡിങ് എടുക്കാൻ എട്ട് രൂപയാണ് ചെലവെങ്കിൽ സ്മാർട്ട് മീറ്റർ വഴിയായാൽ 60 രൂപ ചെലവാകും. സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 6000 രൂപയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നു. 93 ഗഡുക്കളായി ഉപഭോക്താക്കൾ ഇത് നൽകണം. 2025 ഓടെ കൃഷി ഒഴികെ എല്ലാ ഉപഭോക്താക്കളെയും സ്മാർട്ട് മീറ്ററിലേക്ക് മാറ്റുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.