തിരുവനന്തപുരം: നേരിട്ട് നിയമനം ലഭിച്ച പട്ടികജാതി-വർഗ വിഭാഗത്തിലെ ജീവനക്കാർക്ക് ഒരു വർഷത്തെ പരിശീലനം നൽകാൻ ഉത്തരവ്. നേരിട്ടുള്ള നിയമനം വഴി സർവീസിലെത്തിയ ജീവനക്കാർക്ക് ലാൻഡ് റവന്യൂ വകുപ്പിലെ വിവിധ നിയമങ്ങളെക്കുറിച്ചും അത് നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും അനുഭവപരിചയമില്ല. ഈ ഉദ്യോഗസ്ഥർക്ക് ഒരു വർഷത്തെ പരിശീലനം നൽകുന്നതിന് സർക്കാർ അനുമതി ആവശ്യമാണെന്ന് ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവ്.
ലാൻഡ് റവന്യൂ വകുപ്പിൽ എസ്.സി.-എസ്.ടി വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്കുള്ള പ്രത്യേക നിയമനം തഹസിൽദാർ/ സീനിയർ സൂപ്രണ്ട് തസ്തികയിലേക്ക് നേരിട്ടായിരുന്നു. റവന്യൂ സർവീസ് വിശേഷാൽ ചട്ട പ്രകാരം തഹസിൽദാർ കേഡറിലേക്ക് ബൈ ട്രാൻസ്ഫർ നിയമനത്തിനുള്ള വ്യവസ്ഥ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. നേരിട്ടുള്ള പ്രത്യേക നിയമനം നടത്തുന്നതിന് വിശേഷാൽ ചട്ട ഭേദഗതി ആവശ്യമായിരുന്നു. അതിന് കാലതാമസം എടുക്കുമെന്നതിനാലാണ് എസ്.സി- എസ്.ടി വിഭാഗത്തിന് നേരിട്ട് നിയമനം നടത്തിയത്.
എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്ന നിലയിൽ വളരെ പ്രധാനപ്പെട്ട ചുമതലകൾ നിർവഹിക്കേണ്ട ഈ ജീവനക്കാർക്ക് നിലവിലുള്ള പ്രത്യേക ചട്ട പ്രകാരമുള്ള പരിശീലനം മാത്രം നൽകുന്നത് അപര്യാപ്തമാണ്. ഈ ജീവനക്കാർക്ക് ലാൻഡ് റവന്യൂ വകുപ്പിലെ പൊതുവായ നിയമങ്ങളെക്കുറിച്ചും സവിശേഷമായ അധികാരത്തെക്കുറിച്ചും മതിയായ അറിവും പരിചയവും ലഭിച്ചിട്ടില്ല. വില്ലേജ് ഓഫിസുകളുടേയും, താലൂക്ക് ഓഫിസുകളുടേയും കീഴിൽ ഭൂമി സംബന്ധമായതുൾപ്പടെയുള്ള വിവിധ വിഷയങ്ങളിലെ നടപടിക്രമങ്ങൾ അറിഞ്ഞിരിക്കണം.
നിയമവും ചട്ടവും പിഴവില്ലാതെ നടപ്പിലാക്കുന്നതിന് പരിശീലനം അനിവാര്യമാണ്. നേരിട്ടുള്ള നിയമനം വഴി നിയമിക്കപ്പെട്ട ഈ ജീവനക്കാർക്ക് ലാൻഡ് റവന്യൂ കമീഷണറേറ്റ്, കലക്ടറേറ്റ്, റവന്യൂ ഡിവിഷനൽ ഓഫിസ്, സ്റ്റേറ്റ് ലാൻഡ് ബോർഡ്, താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, സർവേ വകുപ്പ് എന്നിവയുടെ പ്രവർത്തനത്തെക്കുറിച്ചും ഈ ഓഫിസുകളിലെ നടപടിക്രമങ്ങളെക്കുറിച്ചും സമഗ്രമായ അറിവും ഫീൽഡ് തല അനുഭവ പരിചയവും അനിവാര്യമാണ്.
അതിനാലാണ് ഐ.എൽ.ഡി.എം തയാറാക്കിയ പരിശീലന പരിപാടിയുടെ ഷെഡ്യൂളിന്റെ അടിസ്ഥാനത്തിൽ ഈ ജീവനക്കാർക്ക് ഒരു വർഷത്തെ പ്രത്യേക പരിശീലനം നൽകുന്നതിന് ഉത്തരവായത്. പരിശീലനത്തിനായി ജീവനക്കാരെ നിയോഗിക്കുമ്പോൾ ഇവർ നിർവഹിച്ചിരുന്ന ഔദ്യോഗിക കർത്തവ്യങ്ങൾ മുടക്കം കൂടാതെ നിർവഹിക്കപ്പെടുന്നതിനുള്ള നടപടികൾ ലാൻഡ് റവന്യൂ കമീഷണർ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
പരിശീനം പരിപാടി ഇങ്ങനെ..
വില്ലേജ് ഓഫിസ് പരിശീലനം- രണ്ട് മാസം, വില്ലേജ് ഓഫിസറുടെ സ്വതന്ത്ര ചുമതലയിലുള്ള പരിശീലനം- ഒരുമാസം, താലൂക്ക് ഓഫിസ് പരിശീലനം- മൂന്ന് മാസം, റവന്യൂ ഡിവിഷനൽ ഓഫീസിലെ പരിശീലനം- രണ്ട് ആഴ്ച, ജില്ല കലക്ടറേറ്റിലെ പരിശീലനം- ഒരു മാസം, പൊലീസ് ആൻഡ് മജിസ്റ്റീരിയൽ ട്രയിനിങ്- എട്ട് ആഴ്ച, ലാൻഡ് ട്രിബ്യൂണൽ ഓഫിസിലെ പരിശീലനം- രണ്ട് ആഴ്ച, ഭൂമി ഏറ്റെടുക്കൽ ഓഫിസിലെ പരിശീലനം- രണ്ട് ആഴ്ച, ഐ.എൽ.ഡി.എമ്മിലെ പരിശീലനം- രണ്ട് ആഴ്ച,
ഐ.എം.ജി യിലെ പരിശീലനം-രണ്ട് ആഴ്ച, സർവേ പരിശീലനം (ചെയിൻ സർവേ ആൻഡ് ഹയർ സർവേ പരീക്ഷ ഉൾപ്പെടെ)- മൂന്നു മാസം, സർവേയും ഭൂരേഖയും വകുപ്പ് ഡയറക്ടറേറ്റിലെ പരിശീലനം - രണ്ട് ആഴ്ച, സംസ്ഥാന ലാൻഡ് ബോർഡിലെ പരിശീലനം-രണ്ട് ആഴ്ച, ലാൻഡ് റവന്യൂ കമീഷണറേറ്റിലെ പരിശീലനം- രണ്ട് ആഴ്ച, ഐ.എൽ.ഡി.എമ്മിലെ അന്തിമ പരിശീലനം- ഒരു ആഴ്ച എന്നിങ്ങനെയാണ് പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.