വൃക്കയുമായി ഓപ്പറേഷൻ തീയറ്ററിന് മുന്നിൽ കാത്തുനിൽക്കുന്നു

അവയവംമാറ്റിവയ്ക്കല്‍: രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: അവയവം മാറ്റിവയ്ക്കല്‍ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് നടപടി. ന്യൂറോളജി നെഫ്രോളജി വിഭാഗം മേധാവികളെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്...

ഏകോപനത്തില്‍ വരുത്തിയ വീഴ്ചയെത്തുടര്‍ന്നാണ് നടപടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വൃക്ക ലഭ്യമാണെന്ന വിവരം അറിഞ്ഞയുടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളില്‍ നിന്നുള്ള ഓരോ ഡോക്ടര്‍മാര്‍ അതിരാവിലെ അവിടേക്ക് പുറപ്പെട്ടു. ഇക്കാര്യം അറിഞ്ഞയുടന്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കി. പൊലീസ് ഗ്രീന്‍ ചാനല്‍ ഒരുക്കുകയും പകല്‍ 2.30 ഓടെ എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് വൈകിട്ട് 5.30ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തുകയും ചെയ്തു.

എന്നാല്‍ ഡോക്ടര്‍മാര്‍ ഇറങ്ങുന്നതിനിടെ വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടായതായി ആശുപത്രി പരാതി ഉന്നയിച്ചിട്ടുണ്ട്. അതില്‍ അന്വേഷണം നടത്തും. പകല്‍ 2.30ഓടെയാണ് മെഡിക്കല്‍ കോളജിലെ ഒരു രോഗിക്ക് ഈ വൃക്ക യോജിക്കുന്നതാണെന്ന് അറിഞ്ഞത്. നാലു മണിയോടെ രോഗിയെ ഡയാലിസിസിന് വിധേയമാക്കി.

നാല് മണിക്കുറോളം ഡയാലിസിസിന് വേണ്ടി വന്നുവന്നു. അതിന് ശേഷം രോഗിയെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി രാത്രി 8.30 ഓടെ ശസ്ത്രക്രിയ നടത്തി. എട്ടു മണിക്കുറോളം ശസ്ത്രക്രിയയ്‌ക്കെടുത്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടോടെ മാത്രമേ മരണ കാരണം അറിയാന്‍ സാധിക്കൂ. ഇനിയിതുപോലെയൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ വിഷയത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

മരിച്ചത് കാരക്കോണം സ്വദേശി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം ലഭ്യമായിട്ടും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നാലു മണിക്കൂർ വൈകിയതോടെയാണ് രോഗി മരിച്ചത്. കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്.

ശനിയാഴ്ച്ച രാത്രിയാണ് എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്നും വൃക്ക മൂന്ന് മണിക്കൂർ കൊണ്ട് തിരുവനന്തപുരം ആശുപത്രിയിൽ എത്തിച്ചത്. ശനിയാഴ്ച മസ്തിഷ്കമരണം നടന്ന 34കാരന്റെ വൃക്കയാണ് എറണാകുളത്തു നിന്ന് തിരുവനന്തപുര​ത്ത് എത്തിച്ചത്. എന്നാൽ വൃക്ക എത്തിയിട്ടും സ്വീകർത്താവായ രോഗിയെ ശസ്​ത്രക്രിയക്ക് വേണ്ടി തയാറാക്കിയിരുന്നില്ല.

ശസ്ത്രക്രിയ നടത്താൻ നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾ വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ല. രാത്രി 9.30 ഓടു കൂടിയാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആരോഗ്യ മന്ത്രിയും ആശുപത്രി സൂപ്രണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു.

Tags:    
News Summary - Organ transplantation: Two doctors suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.