പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെതിരായ രൂക്ഷ വിമർശനം ആവർത്തിച്ച് ഓർത്തഡോക്സ് സഭ. കോട്ടയത്തിന് തെക്കോട്ടും മലങ്കര സഭയുണ്ടെന്ന് ഓർക്കണമെന്ന് മാധ്യമ വിഭാഗം അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു. പിണറായി പ്രത്യേക വിഭാഗത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തനംതിട്ട മാക്കാംകുന്ന് പള്ളിയിൽ മാർത്തോമ്മൻ പൈതൃക സമ്മേളന ദീപശിഖാ പ്രയാണത്തിന് നൽകിയ സ്വീകരണത്തിലായിരുന്നു മാർ ദിയസ്കോറസിന്‍റെ വിമർശനം.
വിഘടിത വിഭാഗമെന്ന് വിളിക്കപ്പെടുന്ന ഞങ്ങളുടെ സഹോദരങ്ങളുടെ മുഖ്യമന്ത്രിയും പിണറായി തന്നെയാണെന്നാണ് വിചാരിക്കുന്നത്. എന്നാൽ, അദ്ദേഹത്തിന്‍റെ പ്രവർത്തനം കാണുമ്പോൾ ഒരു പ്രത്യേക വിഭാഗത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന ധാരണ ഉണ്ടാക്കുന്നു. ഇത് ശരിയോ തെറ്റോ എന്ന് മുഖ്യമന്ത്രിയാണ് പറയേണ്ടത്. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് പറയേണ്ടത് കേരള മന്ത്രിസഭയാണെന്നും മാർ ദിയസ്കോറസ് വ്യക്തമാക്കി.
അതേസമയം, സുപ്രീംകോടതി വിധി മറികടന്ന് ചർച്ച് ബിൽ നടപ്പാക്കാൻ ആലോചിച്ചിട്ടില്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ഒന്നിച്ചു നീങ്ങാമെന്നും സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടാകുമെന്നും കെ.പി. ഉദയഭാനു ചൂണ്ടിക്കാട്ടി.
യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം നൽകിയെന്ന ആരോപണവുമായി ഓർത്തഡോക്സ് സഭ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് കൈയ്യടി വാങ്ങാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ആരോപിച്ചിരുന്നു.
തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്‍റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. മുഖ്യമന്ത്രി ഭരണഘടനാലംഘനം നടത്തി. എക്കാലവും സമാധാനപരമായ നിലപാടാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും മാർ ദിയസ്കോറസ് ചൂണ്ടിക്കാട്ടി.
ഓർത്തഡോക്സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. 'ആട്ടിൻതോലിട്ട ചെന്നായ' എന്ന പ്രയോഗം ആരെ കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മാർ ദിയസ്കോറസ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.