ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് വാങ്ങിയ ലോക്കറ്റ് പണയംവെക്കാനെത്തിയ ആളെ വ്യാജ സ്വര്‍ണമാണെന്നു പറഞ്ഞ് മടക്കിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ബാങ്ക് അധികൃതര്‍ പ്രസ്താവനയിൽ വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ നിബന്ധനകളനുസരിച്ച് ഈ ലോക്കറ്റ് പണയമായി സ്വീകരിക്കാനാവില്ലെന്ന് മാത്രമാണ് അറിയിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു. നാണയങ്ങള്‍, ബാറുകള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ ലഭ്യമാകുന്ന സ്വര്‍ണം പണയമായി എടുക്കാന്‍ പാടില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിഷ്‌കര്‍ഷ. സ്വര്‍ണാഭരണങ്ങള്‍ 18 മുതല്‍ 22 വരെ കാരറ്റ് ഉള്ളവയും ബാങ്കുകള്‍ പുറത്തിറക്കുന്ന 24 കാരറ്റ് മിന്റഡ് നാണയങ്ങളും മാത്രമേ ഈടായി സ്വീകരിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയുമുണ്ട്.
റിസര്‍വ് ബാങ്കിന്റെ നിബന്ധന പാലിച്ചില്ലെങ്കിൽ കര്‍ശനമായ പിഴ അടക്കമുള്ള നടപടികള്‍ക്ക് ബാങ്ക് വിധേയമാകും. ഗുരുവായൂര്‍ ദേവസ്വത്തില്‍നിന്ന് ഒരു ഭക്തന്‍ വാങ്ങിയ സ്വര്‍ണ ലോക്കറ്റ് ഈ നിബന്ധനകള്‍ അനുസരിച്ച് ബാങ്കിന് ഈടായി വാങ്ങി വായ്പ നല്‍കാന്‍ കഴിയില്ല. വായ്പക്ക് തിരിച്ചടവ് ലഭിക്കാതെ വന്നാല്‍ സ്വര്‍ണം ലേലംചെയ്യേണ്ടി വരും. ഈ സാഹചര്യത്തില്‍ ഗുരുവായൂരപ്പന്റെ ലോക്കറ്റ് പോലുള്ളവ പൊതുവിപണിയില്‍ വിറ്റ് പണം തിരികെയെടുക്കുന്നത് പ്രയാസമാകും. ഗുരുവായൂരപ്പന്റെ ലോക്കറ്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതോ അത് സ്വര്‍ണമല്ലെന്നോ ആയ നിലപാട് ബാങ്കില്‍നിന്ന് ഉണ്ടായിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
ഒറ്റപ്പാലം ചെറുമുണ്ടശ്ശേരി സ്വദേശി കരുവാന്‍തൊടി പുത്തന്‍വീട്ടില്‍ മോഹന്‍ദാസാണ് ക്ഷേത്രത്തില്‍നിന്ന് വാങ്ങിയ രണ്ടു ഗ്രാമിന്റെ ലോക്കറ്റ് സ്വര്‍ണമല്ലെന്ന് പറഞ്ഞ് ബാങ്കുകാര്‍ മടക്കിയെന്ന് പരാതി നല്‍കിയിരുന്നത്. പിന്നീട് ദേവസ്വം ഭരണസമിതി മോഹന്‍ദാസിന്റെ സാന്നിധ്യത്തില്‍ നടത്തിയ മൂന്നു പരിശോധനകളിലും ലോക്കറ്റ് സ്വര്‍ണമാണെന്ന് കണ്ടെത്തിയിരുന്നു. ദേവസ്വത്തിനെതിരെ അടിസ്ഥാനരഹിതമായ പരാതി ഉന്നയിച്ചതിന് മോഹന്‍ദാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ലോക്കറ്റ് പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.