കെ- റെയില്‍ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ നടത്തില്ലെന്നതാണ് ഞങ്ങളുടെ മറുപടി -വി. ഡി സതീശൻ

കെ- റെയില്‍ സംബന്ധിച്ച് യു.ഡി.എഫ് വിശദമായ പഠനം നടത്തിയ ശേഷം സര്‍ക്കാരിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. ഉത്തരം നല്‍കുന്നതിനു പകരം വര്‍ഗീയത കുത്തിനിറക്കാനാണ് സി.പി.എമ്മും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. യു.ഡി.എഫ് ബി.ജെ.പിയും ജമാഅത്തെ ഇസ്​ലാമിയുമായി കൂട്ടുകൂടി റെയിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്നാണ് വീടുകളില്‍ സി.പി.എം വിതരണം ചെയ്യുന്ന ലഘുലേഖയില്‍ ആരോപിക്കുന്നത്.

യു.ഡി.എഫ് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ യു.ഡി.എഫാണ് കെ- റെയിലിനെതിരെ സമരം ചെയ്തത്. സമരം ചെയ്യാന്‍ ആരുമായും കൂട്ടുകൂടിയിട്ടില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതിനാലാണ് വര്‍ഗീയത ആരോപിക്കുന്നത്. രണ്ടു ലക്ഷം കോടിയിലധികം ചെലവ് വരുന്ന ഒരു പദ്ധതിയെ കുറിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത ആളാണ് ഇപ്പോള്‍ ലഘുലേഖ വിതരണം ചെയ്യുന്നത്.

തട്ടിക്കൂട്ടിയ പദ്ധതി ആയതിനാലാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തത്. സര്‍വെ നടത്തിയ സിസ്ട്ര എന്ന കമ്പനി പ്രതിനിധി തന്നെ തട്ടിക്കൂട്ട് സര്‍വെ റിപ്പോര്‍ട്ടാണെന്നു പറഞ്ഞിട്ടുണ്ട്. കെ- റെയിലിന്‍റെ പേരില്‍ വീടുകളില്‍ കല്ലിടരുതെന്നു പറഞ്ഞ ഹൈക്കോടതിയെ വരെ സര്‍ക്കാര്‍ പരിഹസിക്കുകയാണ്.

എല്ലാ ദിവസവും വൈകുന്നേരം പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രിക്ക് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി എഴുതി വായിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഉത്തരം പറയില്ലെന്ന വാശിയിലാണ്. ഞങ്ങള്‍ ഒരു പദ്ധതിക്കും എതിരല്ല. വ്യക്തമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് കെ- റെയിലിനെതിരെ ചോദ്യം ഉന്നയിച്ചത്.

അഹമ്മദാബാദ്- മുംബൈ ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്തവരാണ് സി.പി.എം. അങ്ങനെയുള്ളവരാണ് കേരളത്തില്‍ യു.ഡി.എഫിനെ വികസന വിരുദ്ധരെന്നു വിളിക്കുന്നത്. കെ- റെയില്‍ കടന്നു പോകുന്ന എല്ലാ വില്ലേജുകളിലീം ജനകീയ സമതികള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനം നടക്കുകയാണ്. അവരെക്കൂടി ഉള്‍പ്പെടുത്തിയാകും യു.ഡി.എഫ് ഇനിയുള്ള സമരം ആസൂത്രണം ചെയ്യുക.

നിയമസഭയില്‍ ചര്‍ച്ച ചെയ്യാത്ത പദ്ധതി നടപ്പിലാക്കാന്‍ കൂട്ടുനിന്നാല്‍ ജനം പ്രതിപക്ഷത്തെയും വിചാരണ ചെയ്യും. കെ- റെയിലിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും സി.പി.ഐയും രംഗത്തുവന്നിട്ടുണ്ട്. ഈ രണ്ടു സംഘടനകളും വര്‍ഗീയ സംഘടനകളാണോ? കെ- റെയിലിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളും വര്‍ഗീയ വാദികളും വികസന വിരുദ്ധരുമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതു തന്നെയാണ് മോദിയുടെയും രീതി. മോദിയുടെ മറ്റൊരു പതിപ്പാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയും. ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്. ചര്‍ച്ച ചെയ്യാതെ തീരുമാനങ്ങള്‍ എടുക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ മതി, കേരളത്തില്‍ വേണ്ട.

പഠിച്ച ശേഷം കെ- റെയിലിനെ കുറിച്ച് പ്രതികരിക്കാമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. കെ- റെയിലുമായി ബന്ധപ്പെട്ട യു.ഡി.എഫിന്‍റെ പഠന റിപ്പോര്‍ട്ട് തരൂരിന് കൈമാറിയിരുന്നു. യു.ഡി.എഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കെല്ലാം പ്രസക്തിയുണ്ടെന്നും അതുതന്നെയാണ് താനും ചോദിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന മറുപടിയാണ് തരൂര്‍ നല്‍കിയത്. തരൂരിന്‍റെ നിലപാട് സംബന്ധിച്ച് ഇനി ആര്‍ക്കും ഒരു സംശയവും വേണ്ട. യു.ഡി.എഫിന്‍റെ അതേ നിലപാട് തന്നെയാണ് തരൂരിനും ഇപ്പോഴുള്ളത്.

പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ കെ- റെയിലുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി അത് നടത്തുമെന്നാണ് പറയുന്നതെങ്കില്‍ നടത്തില്ലെന്നതു തന്നെയാണ് ഞങ്ങളുടെ മറുപടി. 45 മീറ്റര്‍ ദേശീയ പാതക്കെതിരെയും ഗ്യാസ് ലൈനിനെതിരെയും സമരം ചെയ്തവരാണ് സി.പി.എം. പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റാണെന്നു പറഞ്ഞയാള്‍ മുഖ്യമന്ത്രിയായപ്പോള്‍ അദാനിയുടെ വക്താവായി.

തുറമുഖം പൂര്‍ത്തിയാക്കുന്നത് വൈകിയിട്ടും അദാനിയില്‍ നിന്നും പിഴ ഈടാക്കാന്‍ പോലും തയാറാകാതെ സമയം നീട്ടിക്കൊടുക്കുകയാണ്. പിണറായി വിജയനാണ് വികസന വിരുദ്ധതയുടെ തൊപ്പി കേരളത്തില്‍ ഏറ്റവും നന്നായി ചേരുന്നത്. മറ്റാര്‍ക്ക് നല്‍കിയാലും അത് പാകമാകില്ല.

Tags:    
News Summary - Our reply is that if the Chief Minister says that K-Rail will be implemented, it will not be implemented -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.