തോട്ടം ഭൂമിക്ക് അടക്കം പാട്ട നിരക്കുകൾ പരിഷ്കരിക്കാൻ സർക്കാർ

തിരുവനന്തപുരം: വിവിധ പാട്ട നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കാൻ ഉത്തരവിറക്കി റവന്യൂ വകുപ്പ്. തോട്ടം ഭൂമിയിൽ അടക്കം പാട്ടം വർധിപ്പിക്കാൻ ധന- നിയമ വകുപ്പുകളുടെ നിർദേശത്തോടെ റവന്യൂവകുപ്പ് നടപടി തുടങ്ങിയതെന്നാണ് വിവരം..  പ്രഫ. എം.വി.താമരാക്ഷൻ ചെയർമാനായ നിയമസഭ പരിസ്ഥിതി സമിതി നെല്ലിയാമ്പതി എസ്റ്റേറുകളെ സംബന്ധിച്ച് 1997 ജൂലൈ 29ന് സമർപ്പിച്ച റിപ്പോർട്ടാണ് റവന്യൂ വകുപ്പിന് പിടിവള്ളിയായത്. മാധ്യമം ഓൺലൈനാണ് കാലംകൊണ്ട് മറവിയിലാണ്ട ഈ റിപ്പോർട്ട് സംബന്ധിച്ച് വാർത്ത നൽകിയത്.

പരിഷ്കരിച്ച ചട്ട പ്രകാരം സംസ്ഥാനത്ത് പാട്ടമായും ഗ്രാന്റായും (ദാനമായും) നൽകിയ ലക്ഷക്കണക്കിന് ഏക്കർ തോട്ടം ഭൂമിയുണ്ട്. ഈ തോട്ടങ്ങളുടെ എല്ലാ ചെലവും കഴിഞ്ഞ് സർക്കാർ ഭൂമിയിൽനിന്ന് ഉണ്ടാകുന്ന ലാഭത്തിന്റെ 75 ശതമാനം അടക്കണമെന്നായിരുന്നു റിപ്പോർട്ടിൽ എ.വി താമരാക്ഷൻ സമിതി ചൂണ്ടിക്കാണിച്ചത്. 1996 നവംബറിൽ കേരള നിയമസഭയുടെ അഷ്വറൻസ് കമിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ തുച്ഛമായ പാട്ടനിരക്കു മൂലം പ്രതിവർഷം 500 കോടിരൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടാകുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു.

ഈ റിപ്പോർട്ടുകൾ സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ വിവരങ്ങൾ ആരാഞ്ഞിരുന്നു. അന്വേഷണത്തിൽ 1980 ൽ പാസാക്കിയ ഗ്രാന്റുകളും പാട്ടങ്ങളും (അവകാശ പരിഷ്കരണം) നിയവും 2018ലെ ഭേദഗതികളും ഇതുവരെയും കേരളം നടപ്പാക്കിയില്ലെന്ന കണ്ടെത്തി. ഇത് തിരിച്ചറിവിൽനിന്നാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുതിയ ഇടപെടൽ നടത്തിയത്. നിയമം നടപ്പാക്കുന്നതിന് അനുകൂലമായ നിയമോപദേശം ലഭിച്ചു. ധനവകുപ്പും പാട്ടം പരിഷ്കരണക്കുന്നതിനെ പിന്തുണച്ചു. അതോടെയാണ് കാലങ്ങളായി ഫയലിൽ ഉറങ്ങിക്കിടന്നിരുന്ന നിയമം നടപ്പാക്കുന്നതിനുള്ള ഫയൽ മന്ത്രിസഭാ യോഗത്തിന് മുന്നിലെത്തിയത്.

1980ലെ നടപ്പാക്കാത്തതിനാൽ ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സർക്കാരിനുണ്ടായി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പാട്ടം പരിഷകരിക്കണമെന്ന് ധന വകുപ്പും നിർദേശം നൽകി. കഴിഞ്ഞ മന്ത്രിസഭാ യോഗം പച്ചക്കൊടി നൽകിയതോടെ പാട്ട നിരക്കുകൾ പരിഷ്കരിക്കാൻ സമിതി രൂപീകരിക്കാൻ റവന്യൂ പ്രൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഈ മാസം ആറിന് ഉത്തരവിറക്കി.

ജനുവരി മൂന്നിലെ മന്ത്രി സഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്ചീഫ് സെക്രട്ടറി അധ്യക്ഷനും, റവന്യൂ-ധന വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായും സമിതി രൂപീകരിച്ചത്. നിലവിൽ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള വിവിധ പാട്ട നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിശോധിച്ച് ഒരു മാസത്തിനകം നിർദേശം സമർപ്പിക്കണമെന്നാണ് ഉത്തരവ്.

അതോടൊപ്പം, 1980ലെ ഗ്രാന്റുകളും പാട്ടങ്ങളും (അവകാശ പരിഷ്കരണം) നിയമം നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കലക്ടർമാർക്ക് നിർദേശവും നൽകിയിരുന്നു. ഈ നിയമത്തിന് 2018 ൽ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് മാതൃക തയാറാക്കി റവന്യൂ വകുപ്പ് കലക്ടർമാർക്ക് കൈമാറിയത്.

കലക്ടർമാർക്ക് നൽകാൻ റവന്യൂ വകുപ്പ് രണ്ട് തരം നോട്ടീസ് ഇതിനായി തയാറാക്കി. ഒന്ന് സിവിൽ കോടതിയിൽ സർക്കാരിന്റെ ഉമസ്ഥത സ്ഥാപിക്കുന്നതിന് കേസുകൾ നൽകിയ തോട്ടങ്ങളാണ്. സ്പെഷ്യൽ ഓഫീസർ സിവിൽ കോടതിയെ സമീപിക്കാൻ ലിസ്റ്റ് തയാറാക്കിയ എസ്റ്റേറ്റുകളാണിത്. രണ്ടാമത്തെ നോട്ടീസിലുള്ളത് സിവിൽ കേസിന് പുറത്തുള്ള വിദേശ തോട്ടങ്ങളാണ്.

നോട്ടീസ് ലഭിച്ചാൽ 15 ദിവസത്തിനുള്ളിൽ ഭൂമിയുടെ ആധാര രേഖകൾ കലക്ടർക്ക് മുന്നിൽ ഹാജരാക്കേണ്ടി വരും. തോട്ടം ഭൂമിക്കു മേൽ ഉടമസ്ഥതയുണ്ട് എന്ന വാദം തെളിയിക്കാനാവശ്യമായ രേഖകൾ ഹാജരാക്കണം. നിലവിൽ കൈവശമുള്ള ആധാരം ഹാജരാക്കിയാൽ റവന്യൂ ഉദ്യോഗസ്ഥർ മുൻ ആധാരങ്ങൾ പരിശോധിക്കണം. ബ്രിട്ടീഷ് പൗരന്മാർക്കും കമ്പനികൾക്കും ദാനമായോ പാട്ടമായോ നൽകായി ഭൂമിയാണോ എന്ന് റവന്യു ഉദ്യോഗസ്ഥർ പരിശോധിക്കും. റവന്യൂ വകുപ്പിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പാട്ടഭൂമിയേക്കാൾ ഏറെയുള്ളത് രാജാക്കന്മാരും മറ്റും ദാനം നൽകിയ ഭൂമിയാണ്.

Tags:    
News Summary - Overseas plantation: Govt to revise lease rates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.