കൊച്ചി: സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാൻ നടപ്പാക്കുന്ന ഡിജി കേരളം പദ്ധതിക്ക് ഇനി മോണിറ്ററിങ് കമ്മിറ്റികളും. സംസ്ഥാന, ജില്ല, തദ്ദേശ സ്ഥാപനതല പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പുരോഗതി വിലയിരുത്താനുമാണ് മേൽനോട്ട സമിതികൾ.
ഇവ രൂപവത്കരിച്ചുള്ള ഉത്തരവ് തദ്ദേശ വകുപ്പ് പുറത്തിറക്കി.സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ അധ്യക്ഷൻ തദ്ദേശ മന്ത്രിയും കൺവീനർ വകുപ്പിലെ പ്രിൻസിപ്പൽ ഡയറക്ടറുമാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ കൺവീനറുമായി ജില്ലതല മോണിറ്ററിങ് കമ്മിറ്റികളും പ്രവർത്തിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷരാണ് തദ്ദേശതല സമിതിയുടെ അധ്യക്ഷൻ. അതത് സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ കൺവീനറായും പ്രവർത്തിക്കും.
സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വിവരസാങ്കേതിക വിദ്യ വിനിയോഗത്തിന്റെ സാധ്യതകളും പ്രാഥമിക അറിവും ലഭ്യമാക്കുകയാണ് ഡിജി കേരളം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിജയകരമായി നടപ്പാക്കിയ സമ്പൂർണ സാക്ഷരത പദ്ധതിയുടെ മാതൃകയിലുള്ള കാമ്പയിനിലൂടെയാണ് പദ്ധതി എല്ലാവരിലേക്കും എത്തിക്കുന്നത്. കുടുംബശ്രീ മിഷനാണ് കാമ്പയിന്റെ നോഡൽ ഓഫിസർ.
തദ്ദേശ വകുപ്പിനു കീഴിൽ ഇൻഫർമേഷൻ കേരള മിഷൻ, കില, ഐ.ടി മിഷൻ, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളും ഏജൻസികളുമായിരിക്കും പദ്ധതി നടത്തിപ്പിന് മുന്നിട്ടിറങ്ങുക. കഴിഞ്ഞ ഏപ്രിൽ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതി പ്രവർത്തനങ്ങൾ ഒക്ടോബർ 15ഓടെ പൂർത്തിയാക്കാനും കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കാനുമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഡിജി കേരളം പദ്ധതി ചെലവ് വികസന ഫണ്ടിൽനിന്നാണ് കണ്ടെത്തേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.