കൊച്ചി: സി.പി.എം നേതാവ് പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ആറ് ആർ.എസ്.എസ് പ്രവർത്തകരിൽ അഞ്ചുപേരെയും ഹൈകോടതി വെറുതെവിട്ടു. അതേസമയം, രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും 10 വർഷത്തെ കഠിനതടവ് ഒരു വർഷത്തെ സാധാരണ തടവായി കുറച്ചു. വധശ്രമത്തിനടക്കം പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് പ്രതികളുടെ ശിക്ഷ ജസ്റ്റിസ് സോമരാജൻ റദ്ദാക്കിയത്. വിചാരണക്കോടതി വിട്ടയച്ച മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും തള്ളി.
1999 ആഗസ്റ്റ് 25ന് വൈകീട്ട് തിരുവോണ ദിവസം ജയരാജനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. തലശ്ശേരി സെഷൻസ് കോടതി ആറ് പ്രതികൾക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ വീതം പിഴയുമാണ് വിധിച്ചിരുന്നത്. ഇതിൽ ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നുമുതൽ അഞ്ചുവരെ പ്രതികളായ കൊയ്യോൻ മനു, പാര ശശി, ഇളംതോട്ടത്തിൽ മനോജ്, ഏഴാം പ്രതി ജയപ്രകാശൻ എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. പ്രതികളുടെ അപ്പീലിലാണ് ഉത്തരവ്. അപ്പീൽ നിലവിലിരിക്കെ ഇളംതോട്ടത്തിൽ മനോജ് മരിച്ചു.
വിചാരണക്കോടതി വിട്ടയച്ച ആറാം പ്രതി കുനിയിൽ ഷിനൂബ്, എട്ട്, ഒമ്പത് പ്രതികളായ കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെ വെറുതെവിട്ടതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കൊവ്വേരി പ്രമോദും ഇതിനിടെ മരിച്ചു. സംഭവം നടന്ന് ഒരു മണിക്കൂറിനകം പ്രഥമവിവരമൊഴി നൽകുകയും ഉടൻ പ്രഥമ വിവര റിപ്പോർട്ട് തയാറാക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ അവകാശപ്പെടുമ്പോഴും മജിസ്ട്രേറ്റിന് മുന്നിൽ ഇവ ഹാജരാക്കിയത് മൂന്നാം ദിവസമാണെന്നും ആശുപത്രിയിൽ കഴിയവേ ബോധമുണ്ടായിരുന്നെങ്കിലും ജയരാജന്‍റെ മൊഴിയെടുത്തത് 21ാം ദിവസമാണെന്നുമടക്കം പ്രതികളുടെ വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
ജയരാജന്‍റെ ഭാര്യയെ രണ്ടാം സാക്ഷിയായി അവതരിപ്പിച്ചത് സംശയമുണ്ടാക്കുന്നതാണ്. സംഭവം നടക്കുമ്പോൾ ഭാര്യ അവിടെ ഉണ്ടായിരുന്നെന്നാണ് പറയുന്നതെങ്കിലും നാടൻ ബോംബ് പൊട്ടിയതിനെത്തുടർന്ന് അവർക്ക് പരിക്കുണ്ടായില്ല. ജയരാജന് 11 വെട്ട് കിട്ടിയപ്പോഴും ഭാര്യയുടെ വസ്ത്രത്തിൽ രക്തക്കറ പുരണ്ടില്ല. ഭർത്താവിനൊപ്പം അവർ ആശുപത്രിയിൽ പോയിട്ടില്ല. ആശുപത്രിയിൽ കൊണ്ടുപോയവരെ സാക്ഷിയാക്കിയിട്ടുമില്ല. ഇതിന് വിശദീകരണവുമില്ല. മറ്റ് സാക്ഷികളായ ജയരാജന്‍റെ സഹോദരിയുടെയും അയൽപക്കക്കാരുടെയും മൊഴികൾ വിശ്വസനീയമല്ല. ജയരാജൻ ആശുപത്രിയിൽവെച്ച് മൊഴി നൽകിയതായി ഡോക്ടർ പറഞ്ഞെങ്കിലും ഇത് തെളിവായി ഹാജരാക്കിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം മൂലം ആക്രമണം നടത്തിയെന്ന കേസിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ജയരാജൻ പ്രതികളെ തിരിച്ചറിഞ്ഞു എന്നതുകൊണ്ട് മാത്രം ശിക്ഷിക്കാനാവില്ല.
രണ്ടാം പ്രതി നൽകിയ മൊഴിയെത്തുടർന്നാണ് രണ്ട് വെട്ടുകത്തിയും രണ്ട് വടിവാളും കണ്ടെടുത്തത്. രണ്ട് വാളിലും ജയരാജന്‍റേതിന് സമാന ഗ്രൂപ്പിൽപെട്ട രക്തമുണ്ടായിരുന്നു. ഈ ആയുധങ്ങൾ കൊണ്ടുള്ള പരിക്ക് മരണത്തിന് കാരണമാകാവുന്നതായിരുന്നുവെന്നും മെഡിക്കൽ സർട്ടിഫിക്കറ്റിലുണ്ട്. ഈ സാഹചര്യത്തിൽ രണ്ടാം പ്രതിക്ക് കുറ്റത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിലയിരുത്തിയാണ് ശിക്ഷ വിധിച്ചത്.
വീട്ടിൽ അതിക്രമിച്ചുകയറൽ, ബോംബ് ആക്രമണം, ആയുധങ്ങൾകൊണ്ട് വെട്ടിപ്പരിക്കേൽപിക്കൽ, വധശ്രമം എന്നീ കുറ്റകൃത്യങ്ങൾ ശരിവെച്ചെങ്കിലും അന്യായ സംഘം ചേരൽ ഉൾപ്പെടെ കുറ്റങ്ങൾ നിലനിൽക്കില്ല. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള പരമാവധി ശിക്ഷയായ 10 വർഷം നൽകിയത് സന്തുലിതമല്ലെന്ന് നിരീക്ഷിച്ചാണ് വധശ്രമത്തിന് ഒരു വർഷം സാധാരണ തടവും അഞ്ചുലക്ഷം പിഴയും വിധിച്ചത്. ആയുധംകൊണ്ട് പരിക്കേൽപിച്ചതിന് ആറുമാസം തടവും ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. മറ്റ് രണ്ടു വകുപ്പുകൾക്ക് മൂന്ന് മാസം വീതം തടവാണ് ശിക്ഷ. ശിക്ഷാ കാലയളവുകൾ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയായ ആറുലക്ഷം ജയരാജന് നൽകാനും കോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.