കണ്ണൂർ: എൽ.ഡി.എഫ് സർക്കാരും സി.പി.എമ്മും ഉള്ളിടത്തോളം കാലം സംഘപരിവാറിന്‍റെ ഒരു അജണ്ടയും കേരളത്തിൽ നടപ്പാവില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സി.പി.എമ്മിന് കരുത്തുണ്ട്. പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ബി.ജെ.പി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും അത് തങ്ങൾ തകർക്കുമെന്നാണ് അവരുടെ ഭീഷണി.തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബി.ജെ.പിക്കാർ ഓർക്കണം. അത് ബി.ജെ.പി രൂപപ്പെടുന്നതിന് മുൻപുള്ളതാണ്.
ബി.ജെ.പിയുടെ ആത്മീയ ആചാര്യന്മാരായ ആർ.എസ്.എസ് നടത്തിയ 1971ലെ തലശ്ശേരി വർഗീയ കലാപത്തിന്‍റെ ഭാഗമായി മുസ്ലിം പള്ളികൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ചിലയിടത്ത് മുസ്ലിം വർഗീയ വാദികളും കടകൾക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സി.പി.എമ്മിന്‍റെ കരുത്ത് ആർ.എസ്.എസുകാർക്ക് ബോധ്യമായത്. മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള ആർ.എസ്.എസ് പദ്ധതിക്ക് തടയിടാൻ സി.പി.എം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാർദ്ദം പുനസ്ഥാപിക്കാൻ പ്രവർത്തകർ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉൾക്കൊണ്ടായിരുന്നു ആ പ്രവർത്തനം.
എൽ.ഡി.എഫ് സർക്കാരും സി.പി.എമ്മും കേരളത്തിലുള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല. അത് ബി.ജെ.പിക്കാർ ഓർക്കുന്നത് നല്ലതാണ്. പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുത്തത്. കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത് -പി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.