സ്ത്രീധനത്തിന്‍റെ പേരിലുള്ള മരണം തുറന്നുകാട്ടുന്നത് വിവാഹമാർക്കറ്റിലെ വിലപേശലിന്‍റെ ഭീകരമുഖം -പി. മുജീബുറഹ്മാൻ

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങൾ ഇപ്പോഴും വിവാഹമാർക്കറ്റിൽ നടന്നുകൊണ്ടിരിക്കുന്ന നീചമായ വിലപേശലിന്റെ ഭീകരമുഖമാണ് തുറന്ന് കാട്ടുന്നതെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന അമീർ പി. മുജീബുറഹ്മാൻ. താൻ നേടിയ ഉന്നതവിദ്യാഭ്യാസവും 50 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും കാറും ഒരുക്കിയ ഒരു പെൺകുട്ടിക്ക്

തന്റെ മംഗല്യസ്വപ്ന സാഫല്യത്തിന് വിലയാകാത്തതിന്റെ പേരിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരികയെന്നത്, നാം നേടിയ വളർച്ചയും പുരോഗതിയും വിദ്യാസവുമൊന്നും നമ്മിലെ മനുഷ്യനെ ഒട്ടും ഉണർത്താനും ഉയർത്താനും പര്യാപ്തമാവില്ലെന്ന് വിളിച്ചറിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വിപ്ലവകാരികളും ആദർശവാദികളും യാഥാസ്തികരും നിരക്ഷരും വിദ്യാസമ്പന്നരും എല്ലാം ഈ കുളിമുറിയിൽ നഗ്നരാണ്. പെണ്ണിന്റെ പൊന്നും പണവും ജോലിയും വരുമാനവും നോക്കി, അവ തൂക്കി കണക്കാക്കി വിവാഹമാർക്കറ്റിലെത്തുന്ന മാന്യൻമാരെ തുറന്ന് കാണിക്കാൻ ഇനിയും നമുക്കാവുന്നില്ലെങ്കിൽ, വിദ്യാഭ്യാസം, പുരോഗതി, സംസ്കാരം, ആദർശം, പ്രബുദ്ധത തുടങ്ങി നാം നമുക്ക് മേൽ ആവേശപൂർവ്വം ചാർത്തുന്ന അധികനാമങ്ങളെല്ലാം കേവല അലങ്കാരങ്ങൾ മാത്രമാണ്.

വിവാഹത്തിന്റെ മറവിൽ നടക്കുന്ന ഈ സാമ്പത്തിക ചൂഷണത്തിലും സ്ത്രീപീഡനത്തിലും പുരോഗമന നാട്യക്കാർക്കും മതപണ്ഡിതൻമാർക്കും മത സംഘടനകൾക്കും മഹല്ല് നേതൃത്വത്തിനുമെല്ലാം പങ്കുണ്ട്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ കുടുംബജീവിതത്തിന്റെ പവിത്രതയെ തകർക്കുന്ന സാമ്പത്തിക മോഹികളായ യുവാക്കൾക്ക് മുമ്പിൽ വാതിലുകൾ അമർത്തിയടക്കുക. പെണ്ണിന് പകരം പൊന്ന് നോക്കുന്നവനെ വേണ്ടെന്ന് പറയാനുള്ള തന്റേടം ഇന്ന് പെൺകുട്ടികൾക്കുണ്ട്. രക്ഷിതാക്കളും മഹല്ലും അവരോടൊപ്പം നിൽക്കുക.

വിവാഹ രംഗത്ത് നാൾക്കുനാൾ വർധിച്ച് വരുന്ന ധൂർത്തിനും ദുരാചാരങ്ങൾക്കും ആഭാസങ്ങൾക്കും മതപണ്ഡിതൻമാർ വിലക്കേർപ്പെടുത്തുക. സ്ത്രീധനത്തിന്റെ പേരിൽ ഇനിയും ഒരു പെൺകുട്ടിയും കണ്ണീർ പൊഴിക്കില്ലെന്നും ഒരു കുടുംബത്തിനും തീരാ ദുഖം പേറേണ്ടി വരില്ലെന്നും നമുക്ക് തീരുമാനിക്കാനായാൽ, അതിനാണ് പുരോഗമനം, വളർച്ച എന്നൊക്കെ പേരിട്ട് വിളിക്കാനാവുക -പി. മുജീബുറഹ്മാൻ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.