ഇനി ഇടതിനൊപ്പം; ആവശ്യപ്പെട്ടാൽ മത്സരിക്കും -പി.സരിൻ

പാലക്കാട്: താൻ ഇനി ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് മുൻ കോൺഗ്രസ് നേതാവ് പി.സരിൻ. എൽ.ഡി.എഫ് ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതിൽ ഇടം നൽകണമെന്ന് അഭ്യർഥിക്കുകയാണ്. കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് പി.സരിൻ പറഞ്ഞത്.

അതേസമയം, സരിൻ വാർത്തസമ്മേളനം നടത്തുന്നതിനിടെ തന്നെ പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയുള്ള ഉത്തരവും വന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സരിനെ പുറത്താക്കുകയാണെന്ന് കെ.പി.സി.സിയുടെ വാർത്താകുറിപ്പിൽ പറയുന്നു.

വി.ഡി. സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പാർട്ടിയിൽ ഉടമ -കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്. ഇങ്ങനെ പോയാൽ 2026ൽ പാർട്ടി പച്ചപിടിക്കില്ലെന്നും സരിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

“ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെപ്പോലെയാണ് സതീശൻ. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്.

പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തിൽ ആയിരുന്ന കോൺഗ്രസ് അതിൽ അസ്വാഭാവികത കണ്ടില്ല. എന്നാൽ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു” -സരിൻ പറഞ്ഞു.

പരാതി പറയാൻ പാർട്ടി ഫോറമെന്നൊരു സംവിധാനം കോൺഗ്രസിലില്ല. നേതാക്കൾക്ക് തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നത്. സതീശന് ബി.ജെ.പിയോട് മൃദുസമീപനമാണ്. 13ന് തെരഞ്ഞെടുപ്പ് നടന്നാൽ ചിലർക്ക് അനുകൂലമായി വോട്ടുവീഴും. പാലക്കാട്ടെ ജനം ആഗ്രഹിക്കാത്ത ഫലം വരും. എല്ലാവരെയും എല്ലായ്പ്പോഴും വിഡ്ഡികളാക്കാൻ പറ്റില്ല. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് സർക്കിളിൽ തന്നെ അന്വേഷിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും സരിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - P Sarin Press Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.