തിരുവനന്തപുരം: സഹോദരിയെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയാണെന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍റെ ആരോപണം തള്ളി പത്മജ വേണുഗോപാൽ. ബെഹ്റ ഇടനിലക്കാരനായതിന്‍റെ തെളിവ് നൽകാനും പത്മജ വെല്ലുവിളിച്ചു.
ഒന്നര വർഷമായി ബെഹ്റയെ കണ്ടിട്ടില്ല. ഡോക്ടർ കോൺഫറൻസിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ബെഹ്റയെ അവസാനമായി കാണുന്നത്. ബി.ജെ.പിയിൽ ചേരാനുള്ളത് സ്വന്തമായി എടുത്ത തീരുമാനമാണ്. താൻ ശക്തമായ തീരുമാനം എടുക്കുന്ന ആളാണെന്ന് ബെഹ്റക്ക് അറിയാം. അതിനാൽ, ബി.ജെ.പി പ്രവേശനം ആവശ്യപ്പെട്ട് തന്നെ ബെഹ്റ സമീപിച്ചിട്ടില്ല.
തൃശ്ശൂരിൽ തന്നെ കാലുകുത്താൻ ചിലർ അനുവദിച്ചിരുന്നില്ല. കെ.സി. വേണുഗോപാലിന്‍റെ ആളുകളാണെന്ന് പേടിപ്പിച്ചാണ് തനിക്കെതിരെ ആളുകളെ തിരിക്കുന്നത്. ഇക്കാര്യം വേണുഗോപാലിന് അറിയാമോ എന്ന് തനിക്കറിയില്ലെന്നും പത്മജ വ്യക്തമാക്കി.
പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയാണെന്ന് ചാനൽ അഭിമുഖത്തിലാണ് കെ. മുരളീധരൻ വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ബെഹ്റക്ക് നല്ല ബന്ധമാണെന്നും മുരളീധരൻ വ്യക്തമാക്കി.
കൊച്ചി സിറ്റി പൊലീസ് കമീഷണറായിരുന്ന കാലം മുതൽ കുടുംബവുമായി ബെഹ്റക്ക് ബന്ധമുണ്ട്. അന്ന് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നു. ആ ബന്ധം ബി.ജെ.പിക്കാർ ഉപയോഗിച്ച് കാണുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
നേമത്ത് സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടത് മുതൽ ബി.ജെ.പിക്ക് തന്നോട് പകയുണ്ട്. പത്മജയെ പാളയത്തിൽ എത്തിച്ചത് വഴി ആ കണക്ക് തീർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മഅ്ദനിയെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കി നിർത്തിയാലും തങ്ങൾ മഅ്ദനിക്ക് വോട്ട് ചെയ്യുമെന്ന് അന്ന് ഒരു ബി.ജെ.പി നേതാവ് പരസ്യമായി പ്രസംഗിച്ചതാണ്.
ബി.ജെ.പി പകയുള്ളത് കൊണ്ടാണ് ഇതുവരെ കേൾക്കാത്ത ഒരു കഥാപാത്രത്തെ വടകരയിൽ സ്ഥാനാർഥിയാക്കിയത്. പത്മജ പ്രചാരണത്തിന് ഇറങ്ങിയാൽ കോൺഗ്രസിന് ജോലി എളുപ്പമാകുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.