ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിെൻറ മേൽനോട്ടം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നത സമിതിക്ക് കൈമാറണമെന്ന് അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു. പത്മനാഭസ്വാമിയുടെ നാമത്തിലെ എട്ട് വജ്രങ്ങള്‍ കാണാതായ വിഷയം ഭരണസമിതി ഗൗരവമായെടുത്തില്ലെന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി.
80 വര്‍ഷത്തോളം പഴക്കമുള്ള വജ്രങ്ങളാണ് കാണാതായതെന്ന് ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. ക്ഷേത്രത്തിലെ വസ്തുവകകളുടെ മൂല്യം കണക്കാക്കാന്‍ അപ്രൈസല്‍ കമ്മിറ്റിയുണ്ടാക്കണമെന്നും ക്ഷേത്രത്തിലെ ധനകാര്യ ഇടപാടുകള്‍ നിയന്ത്രിക്കുന്നതിന് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറെ വെക്കണമെന്നും അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് ഓഡിറ്റിങ്ങിന് വിധേയമാക്കണം. എക്സിക്യൂട്ടിവ് ഓഫിസറെ, കോടതിയില്‍ മറുപടി പറയാന്‍ ബാധ്യതയുള്ള നോഡല്‍ ഓഫിസറാക്കുകയും വേണം. ക്ഷേത്രത്തിലെ മുതല്‍പ്പടി രജിസ്റ്റര്‍ തയാറാക്കുന്ന രീതി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രത്തിെൻറ സുരക്ഷാചുമതല തിരുവനന്തപുരം മുന്‍ കമീഷണര്‍ എച്ച്. വെങ്കിടേഷിന് നല്‍കണമെന്ന അമിക്കസ് ക്യൂറിയുടെ ശിപാർശയോട് അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ കോടതിക്ക് എതിര്‍പ്പില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ശ്രീപത്മനാഭസ്വാമിയുടെ മൂലവിഗ്രഹത്തിലെ കേടുപാടുകള്‍ പരിഹരിക്കാന്‍ എവിടെയൊക്കെയാണ് കേടുപാടുകള്‍ ഉള്ളതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഗോപാൽ സുബ്രഹ്മണ്യം ബോധിപ്പിച്ചു. കടുശര്‍ക്കര ഉപയോഗിച്ച് കേടുപാടുകള്‍ പരിഹരിക്കാൻ കോടതി നേരേത്ത അനുമതി നല്‍കിയിരുന്നു. ക്ഷേത്രഭരണസമിതിയില്‍ എക്സിക്യൂട്ടിവ് ഓഫിസറെ മെംബര്‍ സെക്രട്ടറിയാക്കണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്. ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ശിപാര്‍ശകളടങ്ങുന്ന റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ചൊവ്വാഴ്ചയും വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.