പ്രായമായ വ്യക്തികൾക്ക് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും വൈദ്യസഹായം സ്വീകരിക്കാനും സമപ്രായക്കാരുമായി ഇടപഴകാനും കഴിയുന്ന അന്തരീക്ഷം ഒരുക്കുകവഴി ഒറ്റപ്പെടലിനെയും ആശങ്കകളെയും ഒരുപരിധിവരെ ചെറുക്കാൻ കഴിയും
നമ്മുടെ സമൂഹത്തിൽ പ്രായമായ വ്യക്തികൾ അനുഭവിക്കുന്ന ഏകാന്തത പലപ്പോഴും ആഴത്തിലുള്ളതും നിരവധി പ്രശ്നങ്ങളടങ്ങിയതുമാണ്. ജോലിയിൽനിന്നുള്ള വിരമിക്കൽ, ആരോഗ്യപ്രശ്നങ്ങൾ, അവ സൃഷ്ടിക്കുന്ന ദൈനംദിന ജീവിതത്തിലെ പരിമിതികൾ, ജീവിതപങ്കാളിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വിയോഗം തുടങ്ങിയ നിരവധി കാരണങ്ങളാണ് പ്രായമായവർ അഭിമുഖീകരിക്കേണ്ടിവരുന്നത്.
കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതാവുകയും അണുകുടുംബങ്ങളിലേക്കുള്ള പെട്ടെന്നുള്ള മാറ്റങ്ങളും മുതിർന്ന പൗരന്മാരെ ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ ഒറ്റപ്പെടൽ, ശൂന്യത, വിഷാദം തുടങ്ങിയ മാനസിക പ്രതിസന്ധികളിലേക്കും നയിച്ചേക്കാം.
പതിറ്റാണ്ടുകൾക്ക് മുമ്പുതന്നെ, ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്ന പാശ്ചാത്യ രാജ്യങ്ങളിൽ ഇതിന് പരിഹാരമായി രൂപംകൊണ്ട സംവിധാനങ്ങളാണ് വൃദ്ധസദനങ്ങൾ. എന്നാൽ, ഇന്ത്യൻ കുടുംബങ്ങൾക്ക് ഇത്തരമൊരു സങ്കൽപത്തെ സങ്കോചത്തോടെയല്ലാതെ സ്വീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
അതിന് പ്രധാനകാരണം കുടുംബവ്യവസ്ഥിതിയിൽ പരമ്പരാഗതമായി നിലനിന്നുപോന്നിരുന്ന മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതമാതൃകകൾ തന്നെയാണ്. മുതിർന്ന വ്യക്തികളെ കുടുംബനാഥന്മാരായും നാഥകളായും പരിഗണിച്ച് സ്നേഹവും സംരക്ഷണവും ഉയർന്ന സ്ഥാനവും നൽകിയായിരുന്നു കഴിഞ്ഞ തലമുറവരെ ജീവിച്ചുവന്നിരുന്നത്.
ഈ സംവിധാനങ്ങൾക്കു കീഴിൽ മുതിർന്ന പൗരന്മാർക്ക് എല്ലായ്പോഴും സ്വത്തിന്‍റെ ഉടമസ്ഥാവകാശത്തോടൊപ്പം അധികാരത്തിന്‍റെ പിൻബലവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക് പറയത്തക്ക ഒറ്റപ്പെടലോ അവഗണനയോ അഭിമുഖീകരിക്കേണ്ടിവന്നിരുന്നില്ല.
എന്നാൽ, അടുത്തകാലത്തായി അതിവേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹികമാറ്റങ്ങൾ ഇത്തരം പരമ്പരാഗത ജീവിതമാതൃകകളെ മുഴുവനായിത്തന്നെ അപ്രത്യക്ഷമാക്കിയിരിക്കുകയാണ്. പുതിയ തലമുറ വിവാഹത്തോടനുബന്ധിച്ച് സ്വന്തം വീടുകളിലേക്ക് മാറിത്താമസിക്കാൻ തുടങ്ങിയതോടെ മുതിർന്ന പൗരന്മാരുടെ സംരക്ഷണവും പരിപാലനവും പ്രതിസന്ധികളിലായി.
ഇവർ മക്കൾ താമസിക്കുന്ന പലയിടങ്ങളിലും പലതരത്തിലുമുള്ള വീടുകളിലും സാഹചര്യങ്ങളിലും മാറിമാറി താമസിക്കേണ്ടിവരുകയോ സ്വന്തം വീട്ടിൽ ഒറ്റക്ക് കഴിയേണ്ടിവരുകയോ ചെയ്തു. മക്കൾ താമസിക്കുന്ന വീടുകളിലാകട്ടെ സ്ത്രീ, പുരുഷ ഭേദമെന്യേ എല്ലാ അംഗങ്ങളും ജോലിക്കും കുട്ടികൾ പഠനാവശ്യങ്ങൾക്കും പുറത്തേക്ക് പോകുന്നതോടെ വീടുകളിൽ ഇവർ ഒറ്റപ്പെട്ട് കഴിയേണ്ട അവസ്ഥയായി.
ടെലിവിഷൻ, സിനിമ, വായന, ഫോൺ വഴിയുള്ള സാമൂഹിക ബന്ധങ്ങൾ, അയൽക്കാരുമായുള്ള ബന്ധം, വിശ്വാസപരമായ കൂടിച്ചേരലുകൾ, മറ്റ് വിനോദമാർഗങ്ങൾ എന്നിവ ഒരു പരിഹാരമാർഗമായി ചൂണ്ടിക്കാണിക്കാമെങ്കിലും ‘ഒറ്റപ്പെടൽ’ എന്ന മാനസികാവസ്ഥയെ അതിജീവിക്കാൻ പൂർണമായ തോതിൽ ഇവക്ക് കഴിയാറില്ല. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള മാർഗങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങേണ്ട സാഹചര്യമാണിത്.
വൃദ്ധസദനങ്ങളെ അനാഥർക്കുള്ള അഭയകേന്ദ്രമായും മനുഷ്യത്വരഹിതമായ നിലപാടുകളുടെ പ്രതിഫലനമായുമാണ് നമ്മുടെ സമൂഹം കാണുന്നത്. അതുകൊണ്ടുതന്നെ പരമ്പരാഗത കുടുംബസംവിധാനങ്ങളെയും ആധുനിക ജീവിതരീതിയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമായിരിക്കും ഇന്ത്യൻ സാഹചര്യത്തിൽ അഭികാമ്യം.
ഇത്തരമൊരു പരിഹാരസാധ്യതയിൽ ഏറ്റവും പ്രായോഗികമായ ഒന്നാണ് ‘പകൽവീടുകൾ’. രാവിലെ എത്തിച്ചേരുകയും വൈകുന്നേരം വീടുകളിലേക്കുതന്നെ മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് ‘പകൽവീടുകൾ’ സംവിധാനംചെയ്തിരിക്കുന്നത്.
മുതിർന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ഇത്തരം കേന്ദ്രങ്ങൾക്ക് നിർണായക പങ്കുവഹിക്കാനാകും. പ്രായമായ വ്യക്തികൾക്ക് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആവശ്യമെങ്കിൽ വൈദ്യസഹായം സ്വീകരിക്കാനും സമപ്രായക്കാരുമായി ഇടപഴകാനും കഴിയുന്ന അന്തരീക്ഷം ഒരുക്കുകവഴി അവർ അനുഭവിക്കുന്ന ഒറ്റപ്പെടലിനെയും ആശങ്കകളെയും ഒരുപരിധിവരെ ചെറുക്കാൻ കഴിയും.
പ്രായമായവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി വിനോദ പരിപാടികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്കു പുറമെ സഹായികളും ആരോഗ്യപ്രവർത്തകരും അടങ്ങുന്നതായിരിക്കണം ഇവയുടെ പ്രവർത്തനം. ഇതുവഴി സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് കുടുംബാംഗങ്ങൾക്ക് ജോലിക്ക് പോകാനോ മറ്റ് ഉത്തരവാദിത്തങ്ങളിൽ ഏർപ്പെടാനോ കഴിയും.
ഇതിനുപുറമെ സജീവമായ വാർധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കുന്നതിനും മുതിർന്നവരുടെ മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത്തരം കേന്ദ്രങ്ങൾക്ക് കഴിയുകയും ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സർക്കാർ നേരിട്ടോ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിലോ മറ്റ് കൂട്ടായ്മകളുടെ കീഴിലോ ഇത്തരം ‘പകൽവീടുകൾ’ ഉയർന്നുവരേണ്ടതുണ്ട്. കേരളത്തിൽ ചിലയിടത്തെല്ലാം പകൽവീടുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.