കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗം. എന്തെല്ലാം പ്രകോപനങ്ങൾ ഉണ്ടായാലും അതെല്ലാം അവഗണിച്ച് മുന്നോട്ട് പോകും. 14ന് നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പി.ജെ. ജോസഫ് പങ്കെടുക്കുമെന്നും ബന്ധപ്പെട്ട നേതാക്കൾ അറിയിച്ചു.
കേരള കോൺഗ്രസ് ജോസ് കെ. മാണി-പി.ജെ. ജോസഫ് വിഭാഗം തമ്മിലെ പോര് പാലാ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തോടെ പാരമ്യത്തിലെത്തിയിരുന്നു. ജോസ് കെ. മാണി വിഭാഗത്തിലെ ജോസ് ടോമിനെ സ്ഥാനാർഥിയാക്കിയത് അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത ജോസഫ് വിഭാഗത്തിൽ നിന്ന് ജോസഫ് കണ്ടത്തിൽ നാമനിർദേശ പത്രിക നൽകുകയും ചെയ്തിരുന്നു.
പിന്നീട്, സ്ഥാനാർഥിയെ പിൻവലിച്ചെങ്കിലും രണ്ടില ചിഹ്നം അനുവദിക്കാൻ കേരള കോൺഗ്രസ് വർക്കിങ് ചെയർമാനായ പി.ജെ. ജോസഫ് തയാറായില്ല. പ്രത്യേകം പ്രചാരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതോടെ യു.ഡി.എഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നത്.
അതിനിടെ, ജോസഫിനെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുന്ന തരത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.