പാലക്കാട് ഉപതെരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 2.76 കോടിയുടെ വസ്തുക്കള്‍; പണം 1.56 കോടി

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ആദായ നികുതി വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ പാലക്കാട് ജില്ലയില്‍നിന്ന് ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍.

പെരുമാറ്റച്ചട്ടം നിലവിൽവന്ന ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ആറു വരെയുള്ള കണക്കാണിത്. ഇതില്‍ 1.56 കോടി രൂപ പണമായാണ് പിടിച്ചെടുത്തത്. 49.82 ലക്ഷം രൂപ പൊലീസും 1.07 കോടി രൂപ ആദായനികുതി വകുപ്പുമാണ് പിടിച്ചത്. 23.9 ലക്ഷം വില വരുന്ന 12,064.15 ലിറ്റർ മദ്യവും 93.21 ലക്ഷം വില വരുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. മദ്യത്തില്‍ 6239.15 ലിറ്റര്‍ പൊലീസിന്റെയും 5825 ലിറ്റര്‍ എക്സൈസിന്റെയും നേതൃത്വത്തിലാണ് പിടിച്ചത്.

മയക്കുമരുന്നില്‍ 67.9 കിലോഗ്രാം പൊലീസും 122 കിലോഗ്രാം എക്സൈസുമാണ് പിടികൂടിയത്. പൊലീസ് നേതൃത്വത്തില്‍ 2.26 കോടി രൂപ വില വരുന്ന വജ്രവും വേലന്താവളത്ത് 11.5 ലക്ഷം രൂപയും സ്റ്റാറ്റിക് സർവയലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ രണ്ടു ലക്ഷം രൂപയും പിടികൂടിയിരുന്നു. മതിയായ രേഖ ഹാജരാക്കിയതിനാല്‍ ഇവ തിരിച്ചുനല്‍കി.

സി.പി.എമ്മിനും ബി.ജെ.പിക്കും ജാള്യത -ഷാഫി പറമ്പിൽ

പാലക്കാട്‌: സി.പി.എമ്മിനും ബി.ജെ.പിക്കും കോൺഗ്രസിനെതിരായ കള്ളപ്പണ ആരോപണം പൊളിഞ്ഞതിന്റെ ജാള്യതയാണെന്ന് ഷാഫി പറമ്പിൽ എംപി. വനിത നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിച്ച ഹോട്ടലിൽ നടത്തിയ റെയ്ഡ് സി.പി.എമ്മിലും പൊതുജനങ്ങളിലും എതിർപ്പുണ്ടാക്കുക മാത്രമാണ് ചെയ്തത്. പലതരത്തിലുള്ള പ്രതികരണങ്ങളാണ് സി.പി.എം നേതാക്കൾ നടത്തുന്നത്. ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾ മാറ്റിപ്പറയുന്നു. പിറകിലെ കോണിയിലൂടെ ബി.ജെ.പിയെ മുകളിൽ കയറ്റാനുള്ള അജണ്ടയാണ് സി.പി.എം പിന്തുടരുന്നത്. -ഷാഫി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷനേതാവിന്‍റെ പരാതി

തിരുവനന്തപുരം: പാലക്കാട്ടെ പാതിരാ റെയ്ഡിൽ തെരഞ്ഞെടുപ്പ് കമീഷനെ നോക്കുകുത്തികളാക്കി പൊലീസിനെ സി.പി.എം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നെന്നാരോപിച്ച് പ്രതിപക്ഷനേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.

അര്‍ധരാത്രിയില്‍ റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് മുന്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്റെയും മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതില്‍ മുട്ടിയതും പരിശോധന നടത്തിയതും.

സെര്‍ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിർദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.

നുണ പരിശോധന നടത്തണം -എം.വി. ഗോവിന്ദൻ

തൃശൂർ: പാലക്കാട്ട് ട്രോളി ബാഗിൽ പണം കടത്തിയത് സംബന്ധിച്ച് നുണ പറയുന്നവരെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും കൂട്ടരും പറഞ്ഞതെല്ലാം കളവാണെന്ന് ബോധ്യപ്പെട്ടു. കളവ് പറയാൻ രാഹുൽ എത്ര പാടുപെട്ടു. താൻ കോഴിക്കോട്ടുണ്ടെന്ന് പുലർച്ച രണ്ടിന് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അങ്ങനെയൊരു സമയത്ത് ആരെങ്കിലും താൻ എവിടെയുണ്ടെന്ന് പറയണോ? പാലക്കാട്ടില്ലെന്ന് വരുത്താനാണ് അത് ചെയ്തത്. ദൃശ്യത്തിൽ രാഹുൽ പാലക്കാട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. പറഞ്ഞ കളവ് ഓരോന്നായി പുറത്തായി. സാധാരണ അന്വേഷണമല്ല, സമഗ്രാന്വേഷണം വേണം- അദ്ദേഹം പറഞ്ഞു.

‘നുണപരിശോധന നടത്തേണ്ടത് മുഖ്യമന്ത്രിക്ക്’

പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രി പിണറായി വിജയനെ നുണപരിശോധനക്കു വിധേയനാക്കിയാല്‍ കേരളത്തില്‍ നടത്തിയ മുഴുവന്‍ അഴിമതികളും പുറത്തുവരുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. എം.വി. ഗോവിന്ദന്‍ ആദ്യം അത് ചെയ്യട്ടെ. സി.പി.എമ്മും ബി.ജെ.പിയും തമ്മിലെ ഡീലായിരുന്നു പാലക്കാട്ടെ പാതിരാനാടകം. എം.വി. ഗോവിന്ദനും സി.പി.എം ജില്ല സെക്രട്ടറിയും കള്ളപ്പണം കൊണ്ടുവന്നെന്ന് പറയുമ്പോള്‍ ഷാഫി പറമ്പില്‍ പൊലീസിനെ വിളിച്ച് പറ്റിച്ചെന്നാണ് എല്‍.ഡി.എഫ് സ്ഥാനാർഥി പറയുന്നത്. ഇതില്‍ ഏതാണ് ശരി? തിരക്കഥയുണ്ടാക്കി ഇതുപോലെ നാടകം നടത്തുമ്പോള്‍ എല്ലാവരും ഒരുപോലെ നുണ പറയാന്‍ പഠിക്കണം. അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Palakkad by-election: Items worth 2.76 crore seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.