പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സ്ഥാനാർഥിയായി കെ. മുരളീധരനെ നിർദേശിച്ചിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുരളിക്കായി കത്തെഴുതിയെന്ന് പറയുന്നവരും ഇപ്പോൾ പ്രചാരണത്തിൽ മുന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയത്. രാഹുലിന്‍റെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് മുരളീധരനോട് കൂടി സംസാരിച്ചാണ് തീരുമാനം എടുത്തത്. ഡി.സി.സിയുടെ കത്ത് പുറത്തുവന്ന വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നും വേണുഗോപാൽ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയിൽ തനിക്കോ സതീശനോ ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല. എല്ലാവരും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. ഏതെങ്കിലും ഒരു നേതാവ് മാത്രം വിചാരിച്ചാൽ കേരളത്തിലെ കോൺഗ്രസിനെ ഭരണത്തിൽ എത്തിക്കാൻ സാധിക്കില്ല. എല്ലാവരുടെയും നേതൃത്വവും സംഭാവനയും പരിഗണിച്ച് കൊണ്ട് മാത്രമേ പാർട്ടി മുന്നോട്ടു പോവുകയുള്ളൂവെന്നും വേണുഗോപാൽ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും ശൈലി മാറ്റേണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി. സതീശന്‍റെ പ്രവർത്തനത്തിൽ പാർട്ടിക്ക് ഒരു പ്രശ്നവും കാണുന്നില്ല. പാർട്ടി അണികൾ ഇഷ്ടപ്പെടുന്ന നേതാവാണ് കെ. സുധാകരനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.