തിരുവ'നന്തപുരം: സ്കൂൾ അർധവാർഷിക പരീക്ഷ ചോദ്യപേപ്പർ യൂട്യൂബ് ചാനലുകൾ ചോർത്തുന്നുവെന്ന് പരാതി. കഴിഞ്ഞദിവസം നടന്ന പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ സ്വകാര്യ ട്യൂഷൻ ചാനൽ വഴി നേരത്തെ പുറത്തുവന്നെന്നാണ് പുതിയ പരാതി. കഴിഞ്ഞ പാദവാർഷിക പരീക്ഷയിലും സമാനമായ പരാതി ഉയർന്നിരുന്നു. ഹൈസ്കൂൾ ചോദ്യപേപ്പറുകൾ തയാറാക്കാൻ സമഗ്രശിക്ഷ കേരളം (എസ്.എസ്.കെ) ഡയറ്റുകളെയാണ് ഏൽപിച്ചത്. വിഷയം പഠിപ്പിക്കുന്ന സ്കൂൾ അധ്യാപകരെ ഉപയോഗിച്ച് ഡയറ്റുകൾ ചോദ്യപേപ്പർ തയാറാക്കി നൽകുന്നതാണ് രീതി. ചോദ്യപേപ്പർ തയാറാക്കി നൽകുന്ന അധ്യാപകർതന്നെ സ്വകാര്യ ട്യൂഷൻ ചാനലിന് ഇത് ചോർത്തി നൽകുന്നുവെന്നാണ് ആരോപണം. പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യം സ്വകാര്യ ട്യൂഷൻ ചാനൽ പുറത്തുവിട്ടത് തന്നെയാണ് പരീക്ഷയിലും ചോദിച്ചത്.
എന്നാൽ ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചെങ്കിലും നടപടി സ്വീകരിക്കുന്നില്ല. ഓരോ പരീക്ഷക്കാലങ്ങളിലും ചോദ്യപേപ്പറുകൾ ചോരുന്നത് കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നും കുറ്റക്കാർക്കെതിരെ മാതൃകപരവും ശക്തവുമായ നടപടി സ്വീകരിക്കണമെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് കെ. അബ്ദുൽ മജീദും ജനറൽ സെക്രട്ടറി പി.കെ. അരവിന്ദനും ആവശ്യപ്പെട്ടു. ഭരണകക്ഷി അധ്യാപക സംഘടന നേതാക്കൾ ഭരിക്കുന്ന എസ്.എസ്.കെയുടെ മേൽനോട്ടത്തിൽ നടക്കുന്ന പരീക്ഷയുടെ ചോദ്യങ്ങൾ ചോരുന്നത് എങ്ങനെയെന്നും ആരെയാണ് സംരക്ഷിക്കാൻ നോക്കുന്നതെന്നും സർക്കാർ വ്യക്തമാക്കണമെന്നും കെ.പി.എസ്.ടി ആവശ്യപ്പെട്ടു.
ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്ര അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അബ്ദുല്ലയും ജന.സെക്രട്ടറി പി.കെ. അസീസും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.