വിവാഹേതരബന്ധം പങ്കാളിക്ക്​ നഷ്ടപരിഹാരം നൽകാൻ കാരണമല്ല -ഹൈകോടതി

കൊച്ചി: മറ്റൊരാൾക്കൊപ്പം പങ്കാളി പോയതിന്​ മറുപങ്കാളിക്ക്​ നഷ്ടപരിഹാരത്തിന്​ അർഹതയില്ലെന്ന്​ ഹൈകോടതി. പരസ്ത്രീ/ പരപുരുഷ സംഗമവും അവിഹിത ബന്ധങ്ങളും വിവാഹമോചനത്തിനല്ലാതെ നഷ്ടപരിഹാരത്തിന്​ കാരണമാകില്ലെന്നും ജസ്റ്റിസ്​ ദേവൻ രാമച​ന്ദ്രൻ, ജസ്റ്റിസ്​ എം.ബി. സ്​നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ വ്യക്തമാക്കി. മറ്റൊരാൾക്കൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതിനെത്തുടർന്നുണ്ടായ മനോവ്യഥക്കും മാനഹാനിക്കും ഭർത്താവിന്​ നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തിരുവനന്തപുരം കുടുംബ കോടതി ഉത്തരവ്​ ചോദ്യംചെയ്ത്​ ഭാര്യ സമർപ്പിച്ച അപ്പീൽ ഹരജി തീർപ്പാക്കിയാണ്​ ഡിവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.

2006 നവംബർ 19ന്​ വിവാഹിതരായ ദമ്പതികളിൽ ഭാര്യ മറ്റൊരാൾക്കൊപ്പം 2012 ജൂലൈ 31ന്​ രേഖകളും സ്വർണാഭരണങ്ങളുമായി വീട്​ വിട്ടു പോയെന്നാരോപിച്ചായിരുന്നു ഭർത്താവിന്‍റെ പരാതി. 20 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണവും പണവും തിരിച്ചുനൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ്​ നാലുലക്ഷം നൽകാൻ ഉത്തരവായത്​. മറ്റാവശ്യങ്ങൾ നിരസിച്ചു.

എന്നാൽ, ഭർത്താവിന്‍റെയും മാതാപിതാക്കളുടെയും അവഹേളനംമൂലമാണ്​ വീടുവിട്ടതെന്നും വീട്​ വിടുന്ന ദിവസവും അതിന്​ ​തൊട്ടുമുമ്പുള്ള ദിവസവും തന്നെ ഭർത്താവും വീട്ടുകാരും ക്രൂരമായി മർദിച്ചെന്നുമാണ്​ ഭാര്യയുടെ ആരോപണം.

സ്വന്തം വീട്ടിലേക്ക്​ പോന്ന ​താൻ പിന്നീടാണ്​ ബന്ധുവായ പ്രവീൺ എന്നയാൾക്കൊപ്പം താമസം തുടങ്ങിയത്​. തന്‍റെ 35 പവൻ സ്വർണം തിരി​കെനൽകണമെന്നാവശ്യ​പ്പെട്ടും വിവാഹമോചനം ആവശ്യപ്പെട്ടും 2012ൽ താൻ കുടുംബ കോടതിയിൽ പരാതി നൽകിയിരുന്നു. രണ്ടുവർഷം കഴിഞ്ഞാണ്​ ഭർത്താവിന്‍റെ പരാതി വന്നതെന്നും അപ്പീൽ ഹരജിയിൽ ഭാര്യ ചൂണ്ടിക്കാട്ടി.

വിവാഹബന്ധം നിലനിൽക്കെ മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്നും അയാൾക്കൊപ്പം​ പോകാൻ കോടതിയിൽ ഭാര്യ താൽപര്യം അറിയിച്ചെന്നുമായിരുന്നു ഭർത്താവിന്‍റെ വാദം.

പിന്നീട്​ അയാൾക്കൊപ്പം താമസം തുടങ്ങി. എന്നാൽ, അവിഹിതബന്ധം വിവാഹ മോചനത്തിന്​ കാരണമായി കാട്ടാമെങ്കിലും അതുമൂലമുണ്ടായ മാനസികവ്യഥക്ക്​ നഷ്ടപരിഹാരം തേടാൻ ഇന്ത്യയിലടക്കം ഒരിടത്തും നിയമവ്യവസ്ഥയി​ല്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി. വിവാഹം എന്നത്​ സിവിൽ കരാറാണ്​. പങ്കാളിയു​ടെ സ്വഭാവവുമായി ബന്ധപ്പെടുത്തി സ്വത്തവകാശത്തിന്​ അർഹതയില്ലെന്ന്​ വിലയിരുത്തിയ കോടതി, നാലുലക്ഷം ഭർത്താവിന്​ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ്​ റദ്ദാക്കി.

Tags:    
News Summary - Extramarital affair not grounds for compensation to spouse - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.