പാലക്കാട്: മരുത റോഡിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ബി.ജെ.പിക്കാർ തന്നെയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. 'പ്രതികൾ തങ്ങളുടെ സംഘ് പരിവാർ ബന്ധം മറച്ചുവെക്കാനാണ് ഫേസ്ബുക്കിൽ സി.പി.എം അനുകൂല പോസ്റ്റുകൾ ഇടുന്നത്. വേണമെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയത് തന്നെ തങ്ങളാണെന്ന് പ്രതികൾ അവകാശപ്പെടും' -അദ്ദേഹം പറഞ്ഞു. ഷാജഹാനെ വധിച്ച ദിവസം നവീൻ കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി പോസ്റ്റ് ഇട്ടത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ പ്രതികരണം.
പ്രതികളുടെ ഫേസ്ബുക് പോസ്റ്റുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ചെയ്യാൻ പോകുന്ന കുറ്റം മറച്ചുവെക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഫേസ്ബുക്ക് എന്നും ബാലൻ പറഞ്ഞു. 'സ്വന്തം അച്ഛനെയും അമ്മയെയും തല്ലുന്ന ഒരു സാധനമാണ് പ്രതി നവീൻ. സംഘ്പരിവാറിൽ ചേർന്നാൽ മനസ് എങ്ങനെ ഭ്രാന്താവസ്ഥയിൽ ആകുമെന്നതിന്റെ തെളിവാണ് ഇത്. നേരത്തെ അച്ഛനെയും അമ്മയെയും തല്ലിയ നവീനെ സി.പി.എം പ്രവർത്തകരായ പ്രഭാകരനും സംഘവുമാണ് ആശുപത്രിയിൽ ആക്കിയത്' -ബാലൻ പറഞ്ഞു.
ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും കൊലപാതകത്തിൽ പങ്കാളികൾ ആയവരേയും നിയമത്തിനു മുൻപിൽ കൊണ്ടു വരുന്നതിനുള്ള ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി പ്രതികൾ ഏത് മാളത്തിൽ ഒളിച്ചാലും അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരും. ഷാജഹാന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും. ബിജെപി നടത്തുന്ന കള്ളപ്രചാരണം അവരുടെ ജന്മസിദ്ധമായ കഴിവാണ്. അത് ജനങ്ങൾ തിരിച്ചറിയും -ബാലൻ പറഞ്ഞു.
കേസിലെ എല്ലാ പ്രതികളും ഇന്നലെ പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്നു. ഒളിവിലായിരുന്ന ആറ് പ്രതികൾ ചൊവ്വാഴ്ച രാത്രിയോടെയാണ് പിടിയിലായത്. മലമ്പുഴ കവക്കടുത്ത് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. രണ്ട് പ്രതികൾ നേരത്തേ പിടിയിലായിരുന്നു. ഇതോടെ കേസിൽ എട്ട് പ്രതികളും കസ്റ്റഡിയിലായി. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), നവീൻ (28), ശിവരാജൻ (25), സിദ്ധാർഥൻ (24), സുജീഷ് (27), സജീഷ് (35), വിഷ്ണു (25)എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി ശബരീഷ് ആർഎസ്‌എസിന്റെ സജീവ പ്രവർത്തകനും രണ്ടാംപ്രതി അനീഷ് ബിജെപി അനുഭാവിയുമാണെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. നേരത്തെ സി.പി.എം അനുകൂലികളായ മറ്റുള്ളവർ സമീപകാലത്തായി ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും ഇവർ പറഞ്ഞു.
ഒന്നാംപ്രതി ശബരീഷും രണ്ടാം പ്രതി അനീഷുമാണ് ഷാജഹാനെ വെട്ടിയതെന്ന് ഷാജഹാന്റെ സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകി. കേസിൽ പ്രതിയായ സുജീഷിന്റെ അച്ഛനാണ് സുരേഷ്. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, നാലാം പ്രതി ശിവരാജൻ, ആറാം പ്രതി സുജീഷ്, ഏഴാം പ്രതി സജീഷ്, എട്ടാം പ്രതി വിഷ്ണു എന്നിവരാണ് കവയിൽനിന്ന് പിടിയിലായത്. കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥ് വ്യക്തമാക്കി. നവീനെ പട്ടാമ്പിയിൽ നിന്നും സിദ്ധാർഥിനെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ പാലക്കാട് ടൗൺ സൗത്ത് സ്റ്റേഷനിൽ എത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
മുൻകൂട്ടി ആസൂത്രണം ചെയ്തായിരുന്നു കൊലപാതകം. ഷാജഹാനെ ആദ്യം വെട്ടിയത് ശബരീഷാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഓടി രക്ഷപ്പെടാതിരിക്കാൻ കാലിലാണ് വെട്ടിയത്. ശബരീഷും അനീഷും ചേർന്ന് വെട്ടുമ്പോൾ മറ്റുള്ളവർ ഷാജഹാന് ചുറ്റും ആയുധങ്ങളുമായി നിൽക്കുകയായിരുന്നു.
ഷാജഹാനെ കൊലപ്പെടുത്താൻ സംഘത്തിന് ആയുധങ്ങൾ എത്തിച്ചത് നവീനാണെന്ന് വ്യക്തമായി. നവീനും ഷാജഹാനും തമ്മിൽ ഏറെ നാളായി മോശം ബന്ധമായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലാത്ത ചിലരെക്കൂടി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികളുടെ രാഷ്ട്രീയം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
2008ൽ ബി.ജെ.പി പ്രവർത്തകൻ ആറുചാമിയെ വെട്ടിക്കൊന്ന കേസിൽ ഷാജഹാനെ കോടതി ശിക്ഷിച്ചിരുന്നു. ഷാജഹാനെ വധിച്ച സംഘത്തിലുണ്ടായിരുന്ന ചിലർ ഒരു വർഷം മുൻപ് സി.പി.എമ്മുമായി അകലുകയും ബി.ജെ.പിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അഞ്ചാംപ്രതി സിദ്ധാർഥനാണ് ഇവരെ സംഘ്പരിവാർ പാളയത്തിൽ എത്തിച്ചതത്രെ. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നവീൻ ഇപ്പോഴും സി.പി.എമ്മുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണെന്നും പറയുന്നു. അതേസമയം, കൊലപാതകം ആസൂത്രിതമാണെന്നും പിന്നിൽ ആർ.എസ്.എസ് ആണെന്നും ഷാജഹാന്‍റെ കുടുംബം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.