പാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്താൻ അക്രമിസംഘം ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകള്‍ പൊലീസ് കണ്ടെടുത്തു. മണ്ണുകാട് കോരയാർ പുഴയിൽ ചളിയിൽ പൂഴ്ത്തിയ നാല് വടിവാളുകളാണ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധിച്ച ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
സുബൈർ വധത്തിലെ മുഖ്യപ്രതിയായ രമേശാണ് ആയുധങ്ങൾ കാണിച്ചുകൊടുത്തത്. ഈ കൊലപാതകത്തിന് പ്രതികാരമായാണ് മേലാമുറിയിലെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകമെന്നാണ് പൊലീസ് വിലയിരുത്തൽ.
മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ അടുത്ത സുഹൃത്തായ രമേശ്, ആർ.എസ്.എസ് പ്രവർത്തകരായ ശരവണൻ, ആറുമുഖൻ എന്നിവരാണ് സുബൈർ വധത്തിൽ അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് പ്രതികളുടെ അറസ്റ്റടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി തെളിവെടുപ്പിന് എത്തിച്ചത്. ആയുധം ഉപേക്ഷിച്ച മണ്ണുകാട് കോരയാറിലും ഒളിവിൽ കഴിഞ്ഞ താഴേ പോക്കാംതോടിലെ വനപ്രദേശത്തും പ്രതികളെ എത്തിച്ച് തെളിവെടുത്തു.
കൃത്യം നടന്ന സ്ഥലത്തുകൂടി ഇനി തെളിവെടുക്കണം. വനത്തിനുള്ളിൽനിന്ന് പ്രതികളുടേതെന്ന് കരുതുന്ന ഷർട്ടും മദ്യക്കുപ്പികളും വിശ്രമിക്കാനിരുന്ന ചാക്കും കണ്ടെടുത്തു. ബുധനാഴ്ചയോടെ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് ശ്രമം. മേലാമുറിയിലെ ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് എ. ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
ചിലർ കസ്റ്റഡിയിലാണ്. മറ്റുള്ളവർ നിരീക്ഷണത്തിലും. പ്രതികൾക്ക് വാഹനം ലഭ്യമാക്കിയവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളും രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളാണ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.