തിരുവനന്തപുരം: കൊടുംചൂടിൽ സംസ്ഥാനം തിളക്കുന്നു. ഉഷ്ണതരംഗം വീശിയടിക്കുന്ന പാലക്കാട് തുടർച്ചയായ നാലാംദിവസവും ചൂട് 41 ഡിഗ്രിക്ക് മുകളിലാണ്. ഞായറാഴ്ച ജില്ലയിൽ 41.6 ഡിഗ്രി ചൂടാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ താപമാപിനിയിൽ രേഖപ്പെടുത്തിയത്. സാധാരണ അനുഭവപ്പെടുന്നതിനേക്കാളും 5.3 ഡിഗ്രി ചൂടാണ് പാലക്കാട് ഉയർന്നത്. ശനിയാഴ്ച ജില്ലയിൽ താപനില 41.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. 2016ന് ശേഷം കേരളത്തിൽ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന ചൂടാണിത്. 2016 ഏപ്രിൽ 27ന് പാലക്കാട് അനുഭവപ്പെട്ട 41.9 ഡിഗ്രിയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള ഉയർന്ന ചൂട്. പാലക്കാട് മുണ്ടൂർ ഐ.ആർ.ടി.സിയിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് 42.6 ഡിഗ്രി സെൽഷ്യസ് ചൂട്. ഇത് സംസ്ഥാനത്ത് കഴിഞ്ഞ 123 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന അന്തരീക്ഷ താപമാണെന്ന് പറയുന്നു.
പാലക്കാടിന് പിന്നാലെ ഇന്നലെ റെക്കോഡ് ചൂടാണ് കോട്ടയം, ആലപ്പുഴ ജില്ലകളിലും രേഖപ്പെടുത്തിയത്. ഏപ്രിലിൽ കോട്ടയത്ത് അനുഭവപ്പെട്ട ഏറ്റവും ഉയർന്ന ചൂട് 2020 ഏപ്രിൽ മൂന്നിന് രേഖപ്പെടുത്തിയ 38.3 ഡിഗ്രിയായിരുന്നു. എന്നാൽ ഞായറാഴ്ച ജില്ലയിൽ അനുഭവപ്പെട്ടത് 38.5 ഡിഗ്രിയാണ്. സാധാരണയേക്കാൾ 4.6 ഡിഗ്രി ചൂടാണ് കോട്ടയത്ത് ഉയർന്നത്. 34 വർഷത്തിന് ശേഷം ആലപ്പുഴയിലും ഏപ്രിലിൽ ചൂട് 38 ഡിഗ്രിയിലെത്തി. ഇതിന് മുമ്പ് 1987 ഏപ്രിൽ ഒന്നിനായിരുന്നു ചൂട് 38 ഡിഗ്രി രേഖപ്പെടുത്തിയത്.പാലക്കാടിന് പുറമെ കൊല്ലം, തൃശൂർ ജില്ലകളിലും ഉഷ്ണതരംഗത്തിന്റെ പടിവാതിലിലാണ്. പകൽച്ചൂടിന് സമാനമായി സംസ്ഥാനത്ത് രാത്രിയിലും പുലർച്ചയും അനുഭവപ്പെടുന്ന ചൂടും അസാധാരണമാംവിധം കുതിച്ചുയർന്നിട്ടുണ്ട്.. ഞായറാഴ്ച ആലപ്പുഴയിൽ പുലർകാലത്ത് അനുഭവപ്പെട്ട ചൂട് 29.5ഉം കൊച്ചിയിൽ 29.8 ഡിഗ്രിയുമാണ്.
വേനൽമഴ ഇത്തവണ കനിയാത്തതാണ് പൊള്ളുന്ന ചൂടിലേക്കും ഉഷ്ണതരംഗത്തിലേക്കും കേരളത്തെ കൊണ്ടെത്തിച്ചത്. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 28 വരെ 62 ശതമാനം മഴയുടെ കുറവാണ് സംസ്ഥാനത്തുണ്ടായത്. അതായത് 131.3 മി.മീറ്റർ മഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് കേവലം 49.7 മി.മീറ്റർ മാത്രം. കാസർകോട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം അടക്കം വടക്കൻ ജില്ലകളിൽ 90 മുതൽ 98 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലെ ചൂടിൽ തന്നെ കാടുകൾ കരിഞ്ഞ് തുടങ്ങിയിരുന്നു. ഭക്ഷണവും വെള്ളവും കുറഞ്ഞതിന്റെ ഭാഗമാണ് വന്യമൃഗങ്ങൾ കാടിറങ്ങിയത്.
പസഫിക് സമുദ്രത്തിലെ താപനില വർധിക്കുന്നതുമൂലമുണ്ടാകുന്ന എൽനിനോ പ്രതിഭാസമാണ് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ ചൂട് ഉയരുന്നതിനും മഴ കുറഞ്ഞതിനും കാരണമായത്. ഇതിന്റെ പിടിയിൽനിന്നുമാറി എതിർ പ്രതിഭാസമായ ലാ നിനായിലേക്ക് മാറുന്ന പ്രവണതക്ക് അടുത്തമാസം മുതൽ തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥ നിരീക്ഷകർ.
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അംഗൻവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ സുരക്ഷ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രത നിര്‍ദേശത്തെത്തുടര്‍ന്നും ആരോഗ്യ വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.