കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അഴിമതി സംബന്ധിച്ച കേസിൽ മുൻ പൊതുമരാമ ത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ മൊഴി ആവർത്തിച്ച് ടി.ഒ. സൂരജ്. ചൊവ്വാഴ്ച വിജിലൻസ് സംഘം സൂരജിനെ കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുത്തു. ഇബ്രാഹിംകുഞ്ഞ് നൽകിയ വിവരങ്ങളിൽ വ്യക്തത വരുത്താനാണ് മൂന്നര മണിക്കൂറോളം വീണ്ടും മൊഴിയെടുത്തത്.
പാലം നിർമാണം നടക്കുേമ്പാൾ പൊതുമരാമത്ത് സെക്രട്ടറിയായിരുന്നു സൂരജ്. കരാർ കമ്പനിയായ ആർ.ഡി.എസിന് മുൻകൂറായി 8.25 കോടി അനുവദിച്ചത് ഇബ്രാഹിംകുഞ്ഞിെൻറ അറിവോടെയാണെന്ന് മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ സൂരജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹത്തിനറിയാം. അതിനെല്ലാം രേഖകളുണ്ട്. എന്നാൽ, അഴിമതിയിൽ ഇബ്രാഹിംകുഞ്ഞിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് താൻ അങ്ങനെ പറയുന്നില്ലെന്നായിരുന്നു പ്രതികരണം. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കണോ എന്ന് തീരുമാനിക്കാനുള്ള വിജിലൻസ് നടപടികൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ സൂരജിെൻറ മൊഴിക്ക് ഏറെ പ്രാധാന്യം കൽപിക്കപ്പെടുന്നു. നേരേത്ത വിവിധ ഘട്ടങ്ങളിലായി നടത്തിയ ചോദ്യം ചെയ്യലിലും ഇബ്രാഹിംകുഞ്ഞിെൻറ അറിവോടെയാണ് എല്ലാം നടന്നതെന്നായിരുന്നു സൂരജിെൻറ നിലപാട്.
കേസിൽ നാലാം പ്രതിയാണ് സൂരജ്. ഒന്നാം പ്രതിയും ആർ.ഡി.എസ് എം.ഡിയുമായ സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ അസി. എൻജിനീയറുമായ എം.ടി. തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയൻറ് ജനറൽ മാനേജറുമായ ബെന്നി പോൾ എന്നിവർക്കൊപ്പം അറസ്റ്റിലായ സൂരജ് 66 ദിവസത്തെ ജയിൽ വാസത്തിനു ശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.