മൂവാറ്റുപുഴ: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജടക്കം നാല് പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം അഞ്ചുവരെ കസ്റ്റഡിയിൽ വിട്ടാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ബി. കലാം പാഷയുടെ ഉത്തരവ്. പാലം നിർമിച്ച ആർ.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയൽ, കിറ്റ്‌കോ മുൻ എം.ഡി ബെന്നി പോൾ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ഉദ്യോഗസ്ഥൻ എം.ടി തങ്കച്ചൻ എന്നിവരാണ് മറ്റ് പ്രതികൾ.
അഴിമതി, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഴിമതി നാടിെൻറ നട്ടെല്ലിനെ കാർന്നുതിന്നുകയാണെന്ന് കോടതി ഉത്തരവിൽ പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിൽ നടന്ന അഴിമതി നിസ്സാരമായി കാണാനാകില്ല. കുറ്റകൃത്യത്തിെൻറ വ്യാപ്തിയും ആഴവും പരിശോധിച്ച് കുറ്റക്കാരായ എല്ലാവരെയും നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ടെന്നും അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചു.
പാലത്തിെൻറ ഗർഡർ, തൂണുകൾ തുടങ്ങിയവയിൽനിന്ന് എടുത്ത കോൺക്രീറ്റ് സാമ്പിളുകളിൽ 20 ശതമാനം മാത്രമാണ് ഗുണനിലവാരമുള്ളത്. 80 ശതമാനവും ഭാരം താങ്ങാൻ കഴിയുന്നതല്ല എന്നതടക്കം വിവരങ്ങളടങ്ങിയ 147 രേഖകൾ കോടതിയിൽ വിജിലൻസ് ഹാജരാക്കിയിരുന്നു. നിർമാണക്കരാർ നൽകിയതുമുതൽ അഴിമതി നടന്നെന്നാണ് കണ്ടെത്തൽ. കരാറുകാരനെ ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചതിെൻറ തെളിവുകൾ വിജിലൻസ് ശേഖരിച്ചിരുന്നു.
നാല് പേരെയും മൂന്ന് ദിവസത്തേക്ക് എറണാകുളം വിജിലൻസ് ആൻഡ് ആൻറി കറപ്‌ഷൻ ബ്യൂറോ ഡിവൈ.എസ്.പിയുടെ കസ്റ്റഡിയിൽ വിട്ടുനൽകാനാണ് ഉത്തരവ്. ഒന്നാം പ്രതി സുമിത് ഗോയലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയതായി വിജിലൻസ് അറിയിച്ചു. ആവശ്യമെങ്കിൽ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കണക്കുകൂട്ടൽ. പ്രതികളുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം കേൾക്കാനും കോടതി തീരുമാനിച്ചു.
പാലാരിവട്ടം പാലം: അഴിമതിപ്പണത്തിന് പിന്നിലെ ചുരുളഴിക്കാൻ വിജിലൻസ്
കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിെൻറ മറവിലെ വൻ അഴിമതിയിലൂടെ പ്രതികൾ സമ്പാദിച്ച പണംപോയ വഴിതേടി വിജിലൻസ്. അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് അടക്കം നാല് പ്രതികളുടെയും സാമ്പത്തിക ഇടപാടുകൾ വിശദമായി അന്വേഷിക്കാനാണ് തീരുമാനം. പ്രതികളെ വിശദ ചോദ്യം ചെയ്യലിന് മൂന്ന് ദിവസം കസ്റ്റഡിയിൽ കിട്ടിയ സാഹചര്യത്തിൽ അഴിമതിക്ക് പിന്നിൽ നടന്ന വൻ ഗൂഢാലോചനയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവരാനാകുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ, അന്വേഷണവും അറസ്റ്റും കൂടുതൽ പേരിലേക്ക് എത്താനുമിടയുണ്ട്.
സാധാരണക്കാരുടെ പണം കൊള്ളയടിച്ച പ്രതികളുടെയും കൂട്ടാളികളുടെയും സാമ്പത്തിക ഇടപാടുകൾ വിശദമായി പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് കോടതിയെ വിജിലൻസ് അറിയിച്ചിരുന്നു. ടോൾ ഒഴിവാക്കാനെന്ന പേരിൽ പാലം നിർമാണം ദേശീയപാത അതോറിറ്റിയെ ഏൽപ്പിക്കാതിരുന്നത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു എന്നും വിജിലൻസ് സംശയിക്കുന്നു. പാലത്തിൽനിന്ന് എടുത്ത 30 സാമ്പിളുകളിൽ 80 ശതമാനവും നിശ്ചിത ഗുണനിലവാരമില്ലാത്തവയാണെന്ന കണ്ടെത്തൽ ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികളുടെ സാമ്പത്തിക ഉറവിടം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കണം. പിടിച്ചെടുത്ത േരഖകളിലെ വിവരങ്ങളും പ്രതികളുടെ മൊഴിയും തമ്മിൽ പൊരുത്തക്കേടുണ്ടോ എന്ന് പരിശോധിക്കണം. അഴിമതിയെക്കുറിച്ച് പ്രതികൾ ഒന്നും പറയുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് വാദിച്ചു. ഇത് അംഗീകരിച്ചാണ് കസ്റ്റഡിയിൽ വിട്ടത്. സാമ്പത്തികപ്രയാസം നേരിട്ടിരുന്ന കരാർ കമ്പനി മാനേജിങ് ഡയറക്ടർ സുമിത് ഗോയലിനെ വഴിവിട്ട് സഹായിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചത്. പാലം നിർമാണത്തിെൻറ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്ത് സാമ്പത്തിക ലാഭമുണ്ടാക്കുകയും ആ പണം തെൻറ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുകയുമാണ് കരാറുകാരൻ ചെയ്തതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.