കണ്ണൂർ: ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി ബാലിക പീഡന കേസിൽ ഇരയായ പെൺകുട്ടി കള്ളം പറയുകയാണെന്ന് ക്രൈം ബ്രാഞ്ച് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം, അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ മാതാവും ആക്ഷൻ കമ്മിറ്റിയും നൽകിയ ഹരജി പരിഗണിക്കവെയാണ് പ്രതിക്ക് അനുകൂല നിലപാടുമായി പൊലീസ് വീണ്ടും രംഗത്തുവന്നത്. ജാമ്യം റദ്ദാേക്കണ്ടതില്ലെന്നും പൊലീസ് അറിയിച്ചു. നേരത്തേ ലോക്കൽ പൊലീസ് ചുമത്തിയ പോക്സോ വകുപ്പ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ഒഴിവാക്കിയതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. കേസ് മൊത്തം കെട്ടിച്ചമച്ചതാണ് എന്ന നിലപാടാണ് അന്വേഷണ സംഘത്തിന്.
പെൺകുട്ടി പലതും സങ്കൽപിച്ച് പറയുന്ന സ്വഭാവക്കാരിയാണെന്നും പീഡന പരാതിയിലെ കാര്യങ്ങൾ ഭാവന മാത്രമാണെന്നുമാണ് ക്രൈംബ്രാഞ്ച് മേധാവി ഐ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിെൻറ റിപ്പോർട്ട്. ഇരയെ സംശയത്തിെൻറ നിഴലിൽ നിർത്തുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ, കൂടുതൽ അന്വേഷണം വേണമെന്നും വ്യക്തമാക്കുന്നു.
ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ വാദം തള്ളിയ സ്പെഷല്‍ ഗവ. പ്ലീഡര്‍ സുമന് ചക്രവര്‍ത്തി, പ്രതി ജാമ്യത്തിന് അര്‍ഹനാണെന്ന വാദവുമായി മറുഭാഗം ചേരുകയും ചെയ്തു. വാദത്തിനിടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പാളിച്ചകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കേസ് വിശദമായി പരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ഇത്ര ദുര്‍ബലമായി അന്വേഷണം നടന്ന കേസിെൻറ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും ജാമ്യം നല്‍കിയതിെൻറ നിയമ സാധുത മാത്രമാണ് പരിശോധിക്കുന്നതെന്നും ജഡ്ജി പി.ബി. സുരേഷ്കുമാർ പറഞ്ഞു. കാര്യക്ഷമമല്ലാതെ അന്വേഷണം നടന്ന കേസില്‍ പ്രതിക്ക് 90 ദിവസം ജാമ്യം ലഭിക്കാതിരുന്നത് അത്ഭുതമാണെന്നും ഒരു ഘട്ടത്തില്‍ ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ച് കോടതി അഭിപ്രായപ്പെട്ടു.
കേസ് വിധി പറയാൻ മാറ്റി. 83ാം ദിവസം ഹൈകോടതി ജാമ്യം നിഷേധിച്ച കേസില്‍ 90ാം ദിവസം തലശ്ശേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത് കോടതികള്‍ക്കിടയില്‍ പുലര്‍ത്തേണ്ട മര്യാദയുടെ ലംഘനമാണെന്ന് ഇരയുടെ മാതാവിനുവേണ്ടി ഹാജരായ അഡ്വ. മുഹമ്മദ് ഷാ വാദിച്ചു.
90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന വാദവുമുയർത്തി. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങാട്ട് കുനിയിൽ പത്മരാജൻ നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.