തിരുവനന്തപുരം: ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലിം ലീഗ് പങ്കെടുത്താലും ഇല്ലെങ്കിലും വിഷയത്തിൽ സ്വീകരിച്ച നിലപാടിലൂടെ പാർട്ടിക്ക് രാഷ്ട്രീയ മേൽക്കൈ നേടാനായി എന്ന് സി.പി.എം സെക്രേട്ടറിയറ്റ് യോഗത്തിൽ വിലയിരുത്തൽ. ലീഗിനെ ക്ഷണിച്ചത് യു.ഡി.എഫിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ല. അതിനാൽ അവരെ പരിപാടിയിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നും യോഗം ധാരണയിലെത്തി.
കോൺഗ്രസിനെ എന്തുകൊണ്ട് ക്ഷണിക്കുന്നില്ല എന്നതും പ്രചാരണത്തിലൂടെ രാഷ്ടീയായുധമാക്കാനാണ് സി.പി.എം തീരുമാനം. കോൺഗ്രസിനെ ക്ഷണിക്കാതിരിക്കുന്നത് അവർക്ക് നിലപാടില്ലാത്തതിനാലാണെന്നും ലീഗിനോടുള്ള സമീപനം അത്തരത്തിലല്ലെന്ന് സ്ഥാപിക്കുക കൂടിയാണ് ലക്ഷ്യം. എ.ഐ.സി.സി അംഗമായ ശശി തരൂർ കോഴിക്കോട് ലീഗ് പരിപാടിയിൽ ഹമാസിനെതിരെ നടത്തിയ പരാമർശവും പിന്നാലെ നിലപാടിലുറച്ച് പരാമർശങ്ങളെ ആവർത്തിച്ച് ന്യായീകരിച്ചതുമെല്ലാം ആയുധമാക്കും.. കോൺഗ്രസും സി.പി.എമ്മിന്ന് അനഭിമതരായ മത-സാമുദായിക സംഘടനകളും ഒഴികെ ആര് താൽപര്യം പ്രകടിപ്പിച്ചാലും അത്തരം സംഘടനകളെ സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് സ്വാഗതം ചെയ്യും. ഫലസ്തീൻ വിഷയത്തിൽ ലീഗ് എടുത്ത നിലപാട് രാഷ്ട്രീയമായി ശരിയാണ്.
ഫലസ്തീനിൽ നടക്കുന്നത് ഇസ്രായേലിന്റെ വംശീയ ഉന്മൂലനമാണ്. വിഷയത്തിൽ എല്ലാവരെയും ഒരുമിച്ച് നിർത്തി സാമൂഹികമായ പ്രതിഷേധങ്ങൾ രൂപപ്പെടുത്തണം. അതിനുള്ള കടമ സി.പി.എമ്മിനുണ്ടെന്നും യോഗം വിലയിരുത്തി.ഏറ്റവും ഒടുവിൽ ഏക സിവിൽ കോഡ് വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് സി.പി.എം ലീഗിനെ ക്ഷണിച്ചത്. അന്നുപക്ഷേ മുന്നണി താൽപര്യം കണക്കിലെടുത്ത് ലീഗ് സെമിനാറിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
എന്നാൽ ഇക്കുറി സി.പി.എം പരിപാടിയിൽ ലീഗ് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ‘‘അടുത്ത ജന്മത്തില് പട്ടിയാകുമെന്ന് കരുതി ഇപ്പോള്‍ കുരയ്ക്കണോ’’ എന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പരാമർശവും ഇതിനോടുള്ള ലീഗ് നേതാക്കളുടെ രൂക്ഷമായ മറുപടിയുമെല്ലാം യു.ഡി.എഫിൽ സൃഷ്ടിക്കപ്പെട്ട ആശയക്കുഴപ്പമായാണ് സി.പി.എം വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.