ബാലുശ്ശേരി: പാലോളിയിലെ ആൾക്കൂട്ട മർദനക്കേസിൽ ജയിലിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി. പാലോളിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ജിഷ്ണു രാജിനെ ആൾക്കൂട്ടം മർദിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനായ നജാഫ് ഫാരിസിനെയും ഇടത് അനുഭാവിയായ ഷാലിദിനെയും പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയാണ് പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികൾ നൽകിയ ജാമ്യാപേക്ഷ വ്യാഴാഴ്ച ജില്ല അഡീഷനൽ കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് റിമാൻഡ് റിപ്പോർട്ടിലെ വിവരം പുറത്തുവന്നത്.
നജാഫും ഷാലിദുമടക്കം കേസിൽ ഒമ്പതു പേരാണ് റിമാൻഡിൽ കഴിയുന്നത്. ബാക്കിയുള്ളവർ എസ്.ഡി.പി.ഐ, ലീഗ് പ്രവർത്തകരാണ്. പ്രതിപ്പട്ടികയിൽ 29 പേരാണുള്ളത്. 11, 12 പ്രതികളായാണ് നജാഫിനെയും ഷാലിദിനെയും പട്ടികയിൽ ചേർത്തത്. എന്നാൽ, ഇവരൊഴികെയുള്ളവർക്കാണ് സംഭവത്തിൽ പങ്കെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ ജില്ല അഡീഷനൽ കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെയാണിത്.
ഇടത് അനുഭാവികൾക്ക് ജാമ്യം കിട്ടാനുള്ള പൊലീസിന്റെ ഒത്തുകളിയാണ് റിമാൻഡ് റിപ്പോർട്ടിൽനിന്ന് ഇവരെ ഒഴിവാക്കിയതിനു പിന്നിലെന്ന് യു.ഡി.എഫ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.