കൊച്ചി: കോഴിക്കോട് പന്തീരാംകാവ് മാവോവാദി കേസിൽ എൻ.ഐ.എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. വയനാട് സ്വദേശി വിജിത്ത് വിജയനെതിരെയാണ് (26) എൻ.ഐ.എ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. ഗൂഢാലോചന, നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത്.
വിജിത് വിജയൻ മാവോവാദി സംഘടനയുടെ സജീവ പ്രവർത്തകനാണെന്നും മാവോവാദി പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധമുണ്ടെന്നുമാണ് എൻ.ഐ.എയുടെ ആരോപണം.
സി.പി.ഐ (മാവോവാദി) രേഖകൾ വിവർത്തനം ചെയ്യുന്നതിലും ഈ സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും വിജിത് പ്രധാന പങ്ക് വഹിച്ചു. കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിനെ സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചതായും റിക്രൂട്ട് ചെയ്തുവെന്നും ആരോപണമുണ്ട്.
സി.പി.ഐ (മാവോവാദി), അതിെൻറ മുൻ സംഘടനയായ 'പദന്തരം' എന്നിവയുടെ പ്രവർത്തനങ്ങളും സ്വാധീനവും വർധിപ്പിക്കുന്നതിൽ സജീവമായി പങ്കാളിയായെന്നും എൻ.ഐ.എ പറയുന്നു.
2019 നവംബർ ഒന്നിനാണ് പന്തീരാംകാവ് പൊലീസ് അലൻ ഷുഹൈബ്, ത്വാഹ ഫസൽ എന്നിവരെ മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തത്.
തുടർന്ന് ഡിസംബർ 18 നാണ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്. ഇക്കഴിഞ്ഞ ജനുവരിയിൽ വിജിത് വിജയനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വീട്ടിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപും അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.