''കോവിഡ് കാലത്ത് സമാന്തര വിദ്യാഭ്യാസ മേഖലയായ ട്യൂഷൻ സെൻററുകൾ തളർന്നു. അറിവ് പകർന്ന് നൽകിയ അധ്യാപകരിൽ പലരും മറ്റ് ജോലികൾ തേടിപ്പോയി. അവശേഷിക്കുന്നവർ പട്ടിണിയിലാണ്. ആവശ്യങ്ങൾ നിറവേറ്റാൻ സമൂഹത്തിൽ കൈനീട്ടാൻപോലും കഴിയാത്ത സാഹചര്യമുണ്ട്.
പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുറവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. പഠിതാക്കളായി എത്തിയവരോട് ഫീസുപോലും ചോദിക്കാൻ കഴിയാറില്ല. സ്കൂൾ അടച്ചിട്ട് വീട്ടിലിരുന്നപ്പോൾ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് വിദ്യാർഥികെള പ്രാപ്തരാക്കിയതിനാൽ നിർണായക പങ്കുവഹിച്ചവർ പ്രതിസന്ധിഘട്ടത്തിലും സംഘടിതരല്ല. അവരുടെ വേദനകൾ വാക്കുകളിൽ ഒതുങ്ങില്ല. കോവിഡ് മാനദണ്ഡം പാലിച്ച് ഇത്തരം സെൻറുകൾ എത്രയും വേഗം തുറക്കണമെന്നാണ് ഇവരുടെ ആവശ്യം. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ചെറിയ വരുമാനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ട്. അവരുടെ നേർക്കാഴ്ച 'മാധ്യമ'ത്തിലൂടെ പങ്കുവെക്കുന്നു.
''ചിരിച്ച് കുട്ടികളുടെ മുന്നിലെത്തും, കണ്ണീരിൽ വയറുനിറക്കും''
ആലപ്പുഴ: ചിരിച്ചുകൊണ്ട് കുട്ടികളുടെ മുന്നിലെത്തുകയും കണ്ണീരുകൊണ്ട് വയറുനിറക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് പറയുന്ന അധ്യാപികയും ഏവൂർ 'സെൻറർ ഫോർ എയിം' ട്യൂഷൻ സെൻറർ നടത്തിപ്പുകാരിയുമായ കെ.എസ്. ശ്രീലതയുടെ വാക്കുകളിൽ ദുരിതം നിറഞ്ഞുനിൽക്കുന്നുണ്ട്. കോവിഡ് വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഓൺലൈൻ ക്ലാസുകളിൽ എല്ലാകുട്ടികളും പങ്കെടുക്കാറില്ല. അറ്റൻഡ് ചെയ്യുന്നവരോട് ഫീസും ചോദിക്കാൻ കഴിയില്ല. ചോദിച്ചാൽ തരത്തുമില്ല. ചില രക്ഷിതാക്കൾ തരുന്ന ഫീസുകൊണ്ട് എത്രപേർക്ക് ശമ്പളം കൊടുക്കാൻ പറ്റും. സംഘടിത സ്വഭാവമില്ലാത്തതാണ് പ്രധാനപ്രശ്നം. പലരും ജീവിതത്തിെൻറ താങ്ങായിട്ടാവും വരുക. വിദ്യാസമ്പന്നരും റാങ്ക് ജേതാക്കളുമായ പലരും ജോലികിട്ടുന്നതുവരെ പിടിച്ചുനിൽക്കും. ഇതിന് രണ്ടിനും ഇടയിൽപെട്ട് നട്ടംതിരിയുന്നവർക്ക് മറ്റൊരുജോലി തേടിപ്പോകാൻ കഴിയില്ല. -29 വർഷത്തെ അനുഭവം അതാണ് പഠിപ്പിക്കുന്നത്.
വിദ്യാസമ്പന്നരായ എട്ടുപേരാണ് സ്ഥാപനത്തിലുള്ളത്. വരുമാനമില്ലാതായതോടെ പലരും ജോലി തന്നെ ഉപേക്ഷിച്ചു. അധ്യാപകരായതുകൊണ്ട് സമൂഹത്തിൽപോയി െകെനീട്ടാൻ കഴിയില്ല. എത്രത്തോളമാണ് അപേക്ഷിക്കുക. അധ്യാപകരാണ്, കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കേണ്ട ഞങ്ങൾ ആത്മഹത്യചെയ്യണോ ?. കോവിഡ് തുടക്കമായ 2019 ഡിസംബർ മുതൽ ട്യൂഷൻ സെൻററുകൾ പ്രശ്നം നേരിട്ടിരുന്നു. അന്ന് അതിെൻറ ഗൗരവം പലർക്കും അറിയില്ലായിരുന്നു.
എന്തുപ്രശ്നം വന്നാലും ആദ്യം പറയുന്നത് ട്യൂഷൻ സെൻറർ അടക്കണമെന്നാണ്. എന്നാൽ, ഇന്നുവരെ ട്യൂഷൻ സെൻറിൽനിന്ന് രോഗം പടർന്നുവെന്ന് കേരളത്തിൽ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. നല്ല വിദ്യാഭ്യാസമുള്ളവരും റാങ്ക് ഹോൾഡേഴ്സും ഉൾപ്പെടുന്ന അധ്യാപകർക്ക് കുട്ടികളെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്. കോവിഡ് വ്യാപനത്തിൽ രണ്ടുവർഷമായി സ്കൂളിലെ അധ്യാപർക്ക് വിദ്യാർഥികൾക്ക് നേരിട്ട് ബന്ധമില്ലാത്ത സ്ഥിതിയാണ്. ഇവരിൽ ഒാൺലൈൻ സംവിധാനം കൈകാര്യം ചെയ്യാൻ കഴിയാത്ത അധ്യാപകരുമുണ്ട്. പല കുട്ടികൾക്കും അക്ഷരമറിയാത്ത സ്ഥിതിയാണ്. വരാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു ഫലം ട്യൂട്ടോറിയൽ അധ്യാപകർക്ക് അവകാശപ്പെട്ടതാണെന്നും ശ്രീലത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.