മലപ്പുറം: കുട്ടികൾക്ക് മൊബൈൽ ഫോൺ കൊടുക്കരുതെന്ന് ഒരു വർഷം മുമ്പ് വരെ പറയാമായിരുന്നു. ഇപ്പോൾ സ്ഥിതി അതല്ല. പഠനം ഓൺലൈനായതോടെ ഓരോ ദിവസവും മണിക്കൂറുകൾ അവർക്ക് ഫോൺ ഉപയോഗിച്ചേ തീരൂ. അതും ഇൻറർനെറ്റോടെ. രക്ഷിതാക്കൾക്ക് എല്ലായിപ്പോഴും കുട്ടികളുടെ കൂടെ ചെലവഴിക്കാൻ സമയം കിട്ടിയെന്ന് വരില്ല. സൈബറിടങ്ങളിൽ അവർ അകപ്പെടുന്ന കെണികളെക്കുറിച്ച് മാതാപിതാക്കളും വീട്ടിലെ മറ്റു മുതിർന്നവരും ജാഗരൂകരായേ മതിയാവൂ.
ക്ലബ് ഹൗസിലെ ചതിമുറികൾ
മലപ്പുറം: ഓഡിയോ അധിഷ്ഠിത സമൂഹ മാധ്യമ ആപ്പായ ക്ലബ് ഹൗസാണ് പുതിയ തരംഗം. 18 വയസ്സിന് മുകളിലുള്ളവർക്കാണ് ഇത് ഉപയോഗിക്കാൻ അനുമതി. ഉന്നത നിലവാരത്തിലുള്ള ചർച്ചകളും സൗഹൃദസംഭാഷണങ്ങളും നടക്കുന്നൊരിടമാണെങ്കിലും ചില കെണികളും ഒളിഞ്ഞിരിപ്പുണ്ട്. മാതാപിതാക്കളുടെയോ മറ്റോ ഫോണിൽ ഈ ആപ്പ് ഉണ്ടെങ്കിൽ കുട്ടികൾക്ക് മുതിർന്നവരെന്ന വ്യാജേന എളുപ്പത്തിൽ കയറാനും വിവിധ റൂമുകളിൽ സംസാരിക്കുന്നതെന്തും കേൾക്കാനും കഴിയുന്നു. സെൻസറിങ് സംവിധാനമില്ല. നിലവിൽ ക്ലബ് ഹൗസിൽ രക്ഷാകർതൃ നിയന്ത്രണങ്ങളോ സ്വകാര്യത ക്രമീകരണങ്ങളോ ഇല്ല.
സൈൻ ഔട്ട് ചെയ്താൽ വീണ്ടും കയറുന്നതിന് ഒ.ടി.പി ആവശ്യമാണെന്നതിനാൽ മിക്കവരുടെയും ക്ലബ് ഹൗസുകൾ തുറന്നുകിടക്കുകയാവും. ആയിരക്കണക്കിന് പേർക്ക് സംവദിക്കാവുന്നതാണ് ക്ലബ് ഹൗസിലെ ഓരോ മുറികളും. എല്ലാവരും കേൾക്കെത്തന്നെ പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് പോലും വിവാഹവാഗ്ദാനം നൽകൽ, വ്യക്തിഗത വിവരങ്ങൾ കൈമാറൽ, അപരിചിതർ തമ്മിൽ യാത്രകൾ ആസൂത്രണം ചെയ്യൽ തുടങ്ങിയവയെല്ലാം ഇവിടെ നടക്കുന്നുണ്ട്. കുട്ടികൾ ഏതെല്ലാം മുറിയിൽ കയറിയെന്ന് രക്ഷിതാക്കൾക്ക് നിരീക്ഷിക്കാനുള്ള സംവിധാനവും ലഭ്യമല്ല.
വിഡിയോ കോൺഫറൻസിലും വാട്സ്ആപ് ഗ്രൂപ്പിലും അരുതായ്മകൾ
മലപ്പുറം: പഠനാവശ്യാർഥം ആരംഭിച്ച വാട്സ്ആപ് ഗ്രൂപ്പുകളിലും ഓൺലൈൻ ക്ലാസിന് സംഘടിപ്പിക്കുന്ന വിഡിയോ കോൺഫറൻസിലും അശ്ലീല ദൃശ്യങ്ങൾ കാണിക്കുന്നതായി കഴിഞ്ഞ വർഷം നിരവധി പരാതികളുയർന്നു. വാട്സ്ആപ് ഗ്രൂപ്പിലും കോൺഫറൻസിലും ചേരാൻ അയക്കുന്ന ലിങ്ക് വഴി കയറിക്കൂടുന്ന സാമൂഹിക വിരുദ്ധരാണ് ചെറിയ കുട്ടികളുടെ മുന്നിൽപ്പോലും നഗ്നത പ്രദർശനം നടത്തുകയും വിഡിയോയും ചിത്രങ്ങളും അയക്കുകയും ചെയ്തത്. ഇത് കുട്ടികളെ മാനസിക സംഘർഷങ്ങളിലേക്ക് നയിച്ചു. സ്കൂൾ വാട്സ്ആപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്യുകയും ഇതിെൻറ സ്ക്രീൻ റെക്കോഡറെടുത്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലും അധ്യാപകർ പൊലീസിൽ പരാതി നൽകിയിരുന്നു. സ്ക്രീൻ റെക്കോഡറിൽ കാണുന്ന നമ്പറുകളിലേക്ക് നിരന്തരം വിളികളും അശ്ലീല സന്ദേശങ്ങളും വരികയുണ്ടായി.
ഓൺലൈൻ പഠനം: ജാഗ്രത വേണം –പൊലീസ്
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനങ്ങൾ വീണ്ടും സജീവമായതോടെ കുട്ടികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. ഓൺലൈൻ പഠന മാധ്യമങ്ങളിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പൊലീസെൻറ ജാഗ്രത നിർദേശം. കഴിഞ്ഞ അധ്യയന വർഷം കുട്ടികൾക്ക് മാനസിക സംഘർഷമുണ്ടാക്കുന്ന തരത്തിലുള്ള നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. കുട്ടികൾ പങ്കെടുക്കുന്ന ഓൺലൈൻ ക്ലാസുകളിൽ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, ഓൺലൈൻ ക്ലാസുകളുടെ ലിങ്കുകൾ കൈക്കലാക്കി മുതിർന്നവർ ഗ്രൂപ്പുകളിൽ കയറി ദൃശ്യങ്ങൾ പകർത്തൽ, അധ്യാപകരുടെയും കുട്ടികളുടെ സംസാരങ്ങളും ചിത്രങ്ങളും സ്ക്രീൻ റെക്കോഡുളായി പ്രചരിക്കൽ തുടങ്ങി നിരവധി പരാതികൾ െപാലീസിനു ലഭിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുെട ഓൺലൈൻ പഠനത്തിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്നും പൊലീസ് ഇത്തരം വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും ജില്ല പൊലീസ് മേധാവി സുജിത് ദാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഓൺലൈൻ ക്ലാസുകളിലോ മീറ്റുകളിലോ വല്ല കുറ്റകൃത്യവും നടന്നാൽ മീറ്റിങ് ലിങ്ക്, ഐ.ഡി, തീയതി, സമയം, കുറ്റകൃത്യം നടത്തിയ ആളുടെ ദൃശ്യമാവുന്ന ഐ.ഡിയുടെ സ്ക്രീൻ ഷോട്ട് എന്നിവ തെളിവായി ശേഖരിക്കണമെന്ന് സൈബർ സെല്ലും വ്യക്തമാക്കി. സ്കൂൾ നൽകുന്ന ഓൺലൈൻ സേവനങ്ങൾ രക്ഷിതാക്കൾ അധ്യാപകരുമായി സംസാരിച്ച് മനസ്സിലാക്കണമെന്നും പൊലീസ് അറിയിച്ചു.
ചൈൽഡ് ലൈൻ നൽകുന്ന നിർദേശങ്ങൾ
മലപ്പുറം: ലൈംഗിക ചൂഷണം, സൈബർ ഭീഷണി, മൊബൈൽ ഫോൺ ആസക്തി, വേദനിപ്പിക്കുന്നതും ദോഷകരമായതുമായ ഉള്ളടക്കമുള്ള സന്ദേശങ്ങൾ എന്നിവയിൽനിന്ന് കുട്ടിയെ സംരക്ഷിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു.
• ജനപ്രിയ സമൂഹമാധ്യമ ആപ്ലിക്കേഷനുകളിലും ഗെയിമുകളിലും മാതാപിതാക്കൾ കുട്ടികളുടെ പ്രവർത്തനം ശ്രദ്ധാപൂർവം നിരീക്ഷിക്കാൻ പുതിയ ഗെയിമുകളിലും ആപ്ലിക്കേഷനുകളിലും അവരുമായി സമയം ചെലവഴിക്കുക.
• കുട്ടികൾ ടി.വിയിലും മൊബൈലിലും എന്ത് കാണുന്നു എന്നും അവ പ്രായത്തിന് അനുയോജ്യമായവയാണോയെന്നും നിരീക്ഷിക്കുക.
• രക്ഷാകർതൃ നിയന്ത്രണങ്ങളും സ്വകാര്യത നിയന്ത്രണങ്ങളും ചൈൽഡ് സേഫ്റ്റി സംവിധാനങ്ങളും ഉപയോഗിക്കുക.
• കുട്ടിക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഓരോ ദിവസവും എത്രനേരം എന്ന നിലവിൽ പരിധി നിശ്ചയിക്കുക.
• അടച്ചിട്ട മുറികളിലോ അസമയത്തോ ഒളിച്ചും പതുങ്ങിയുമുള്ള കുട്ടികളുടെ ഫോൺ ഉപയോഗം നിരുത്സാഹപ്പെടുത്തുക.
• ഓൺലൈൻ സുരക്ഷയെക്കുറിച്ച് കുട്ടിയോട് സംസാരിക്കുക.
• കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ ബാങ്ക് അക്കൗണ്ടുകൾ ബന്ധപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
• കുട്ടിക്ക് ഓൺലൈനിൽ മറ്റുള്ളവരുമായി എപ്പോൾ, എങ്ങനെ സംവദിക്കാമെന്നതിനുള്ള നിർദേശങ്ങൾ നൽകുക.
• മുതിർന്നവർ ഉപയോഗിച്ചതോ ഉപയോഗിക്കുന്നതോ ആയ ഫോണുകൾ കുട്ടികൾക്ക് നൽകുമ്പോൾ സ്വകാര്യ / നഗ്നത ഉള്ളടക്കമുള്ള സന്ദേശങ്ങളോ ഫോട്ടോകളോ വിഡിയോകളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
• കുട്ടിക്ക് ഓൺലൈൻ ഉപയോഗവുമായി എന്തെങ്കിലും പ്രയാസങ്ങളോ അസ്വസ്ഥതകളോ നേരിട്ടാൽ അവ രക്ഷിതാവുമായോ വിശ്വസ്തനായ ഒരു മുതിർന്ന വ്യക്തിയുമായോ പങ്കുവെക്കാൻ പ്രോത്സാഹിപ്പിക്കുക.
• കാലഘട്ടത്തിെൻറ വ്യത്യാസം മനസ്സിലാക്കി സംയമനത്തോടെ അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ആവശ്യമെങ്കിൽ കുട്ടിയുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന്ന് മനഃശാസ്ത്ര വിദഗ്ധരുടെ സഹായം തേടുകയും ചെയ്യുക.
• കുട്ടികൾക്ക് നേരെയുള്ള സൈബർ കുറ്റകൃത്യങ്ങളും ഭീഷണികളും ശ്രദ്ധയിൽപെട്ടാൽ ഉടൻ ചൈൽഡ് ലൈനിലോ പൊലീസിലോ അറിയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.