സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ സിനിമ-നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ എന്ന പാരിസ് ചന്ദ്രൻ അന്തരിച്ചു. 66 വയസ്സായിരുന്നു. ഞാൻ സ്റ്റീവ് ലോപസ്, ഈട, ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഖരം, ബയോസ്കോപ്, അന്തരം തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി.

പാരിസിലെ പ്രശസ്തമായ ഫുട്സ്ബൻ ട്രാവലിങ് തിയറ്ററുമായി സഹകരിച്ച് നിരവധി രാജ്യങ്ങളിൽ നാടകങ്ങൾക്കായി സംഗീതം ചെയ്തിട്ടുണ്ട്. അങ്ങനെയാണ് പാരിസ് ചന്ദ്രൻ എന്ന പേരു പതിഞ്ഞത്. ഉസ്താദ് അഹമ്മദ് ഹുസൈൻ ഖാൻ, സോപാന സംഗീതജ്ഞൻ ഞെരളത്ത് രാമപ്പൊതുവാൾ, നാടകാചാര്യൻ ജി. ശങ്കരപ്പിള്ള എന്നിവർ ഗുരുക്കന്മാരായിരുന്നു. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പഠനം പൂർത്തിയാക്കി. 1988ൽ ബി.ബി.സിക്കായി 'ദ മൺസൂൺ' എന്ന റേഡിയോ നാടകത്തിന് സംഗീതം നൽകി. 1989-91 കാലത്ത് ലണ്ടനിലെ പ്രശസ്തമായ റോയൽ നാഷനൽ തിയറ്ററിൽ ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചു.

2008ൽ ബയോസ്കോപ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരളസംസ്ഥാന അവാർഡും 2010ൽ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് 'പ്രണയത്തിൽ ഒരുവൾ' എന്ന ടെലിഫിലിമിനും ലഭിച്ചു.

പിതാവ്: പരേതനായ കോരപ്പൻ. മാതാവ്: പരേതയായ അമ്മാളുക്കുട്ടി. ഭാര്യ: ശൈലജ. മക്കൾ: ആനന്ദ് രാഗ്, ആയുഷ്. സഹോദരങ്ങൾ: സൗമിനി, സൗദാമിനി, സതീദേവി, പുഷ്പവല്ലി, സൗന്ദര രാജൻ (പ്രഫസർ, സ്വാതിതിരുനാൾ സംഗീത കോളജ്, തിരുവനന്തപുരം), പരേതരായ ശ്രീനിവാസൻ, ശിവാനന്ദൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് വീട്ടുവളപ്പിൽ.

Tags:    
News Summary - paris chandren passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.