കണ്ണൂർ: ഓൺലൈൻ വഴി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി രണ്ടുപേരിൽനിന്നായി 2.18 ലക്ഷം തട്ടി. ടെലഗ്രാം വഴിയാണ് പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തത്. പിണറായി സ്വദേശിക്ക് 1.41 ലക്ഷവും എളയാവൂർ സ്വദേശിക്ക് 77,880 രൂപയുമാണ് നഷ്ടമായത്. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പിനിരയാക്കിയത്. ടെലഗ്രാമിലൂടെ ആകർഷകമായ പരസ്യങ്ങൾ അയച്ചാണ് പലരെയും തട്ടിപ്പ് സംഘങ്ങൾ വലയിലാക്കുന്നത്.
തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ ലഭിക്കുമെങ്കിലും പിന്നീട് കൂടുതൽ പണം ആവശ്യപ്പെട്ട് പല കാരണങ്ങൾ പറഞ്ഞ് പണം നൽകാതിരിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. പാർട്ട് ടൈം ജോലി എന്ന പേരിൽ തുടക്കത്തിൽ നൽകിയ പണം ലാഭത്തോടുകൂടി തിരികെ ലഭിക്കുന്നത് കൊണ്ട് പലരും ഇതിൽ വിശ്വസിച്ച് തട്ടിപ്പുകാർ ചോദിക്കുന്ന പണം നൽകുന്നു.
പിന്നീട് ഒരു നല്ല തുക തട്ടിപ്പുകാരുടെ കൈകളിലെത്തി പണം തിരികെ ലഭിക്കാതാകുമ്പോഴാണ് പലർക്കും ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്. ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ജില്ലയിൽ നടക്കുന്നത്.
എസ്.ബി.ഐ യോനോ റിവാർഡ് പോയന്റ് റെഡീം ചെയ്യുന്നതിനായി ഫോണിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും കൈമാറിയതിനെ തുടർന്ന് ചക്കരക്കല്ല്, ന്യൂ മാഹി സ്വദേശികൾക്ക് യഥാക്രമം അരലക്ഷവും 2000 രൂപയും നഷ്ടപ്പെട്ടു.
ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്, വാട്സ്ആപ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റമർ കെയർ നമ്പർ ഗൂഗ്ൾ പരതി വിളിക്കുകയോ അജ്ഞാത നമ്പറിൽനിന്ന് വിളിച്ച് ഫോണിൽ ഏതെങ്കിലും തരത്തിലുള്ള അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പടുകയോ ചെയ്താൽ പൂർണമായി നിരസിക്കുക. വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം കൈമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണം. അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതിപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.