കരിപ്പൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്തതിനാൽ ദുരിതത്തിലായി യാത്രക്കാർ. വെള്ളിയാഴ്ച വൈകീട്ട് ഫ്ലൈ ദുബൈ വിമാനത്തിൽ ദുബൈയിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരാണ് ദുരിതം അനുഭവിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ശനിയാഴ്ച രാവിലെ വീണ്ടും ഇറങ്ങാൻ ശ്രമിച്ചെങ്കിലും കനത്ത മഴയായതിനാൽ സാധിച്ചില്ല. ഇതോടെ വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ട് മുഴുവൻ യാത്രക്കാരെയും അവിടെ ഇറക്കി. ഇവരെ ബസിൽ കോഴിക്കോട്ട് എത്തിക്കുകയായിരുന്നു.
വീണ്ടും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം മഴ ശക്തമായതിനാൽ ഇറങ്ങാൻ സാധിച്ചില്ല. ഇതോടെ വീണ്ടും കൊച്ചിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന 180 യാത്രക്കാരോട് കൊച്ചിയിൽനിന്ന് വിമാനം പുറപ്പെടും എന്നായിരുന്നു അറിയിച്ചത്. യാത്രക്കാരെ ബസിൽ അവിടെ എത്തിക്കുമെന്നും പറഞ്ഞു. അതിനിടെ, ശനിയാഴ്ചയിലെ ഫ്ലൈ ദുബൈ വിമാനം കരിപ്പൂരിൽ ഇറങ്ങിയിരുന്നു. ഈ വിമാനത്തിൽ തലേദിവസത്തെ യാത്രക്കാരെ കൊണ്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. യാത്രക്കാർ പ്രതിഷേധവുമായി എത്തിയെങ്കിലും അധികൃതർ നിലപാട് മാറ്റാൻ തയാറായില്ല. സി.ഐ.എസ്.എഫ് ഇവരെ തടയുകയായിരുന്നു.
ഞായറാഴ്ച രാവിലെ ആറിന് കൊച്ചിയിൽനിന്ന് പുറപ്പെടുമെന്നായിരുന്നു വിമാനകമ്പനി യാത്രക്കാരെ അറിയിച്ചത്. എന്നാൽ, ഒരുദിവസം മുമ്പേ കരിപ്പൂരിലെത്തിയ യാത്രക്കാരിൽ പലരും ക്ഷീണിച്ചിരുന്നു. കൊച്ചിവരെ യാത്ര ചെയ്യുന്നതിലെ പ്രയാസം യാത്രക്കാരിൽ പലരും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.