കോവിഡിൽ നിർത്തിയ പാസഞ്ചറുകൾ പുനസ്ഥാപിക്കാതെ റെയിൽവേ ഒളിച്ചുകളി

തിരുവനന്തപുരം: കോവിഡ് ഇളവുകളെ തുടർന്ന് ജനജീവിതം സാധാരണ നിലയിലായിട്ടും പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിൽ റെയിൽവേക്ക് ഒളിച്ചുകളി. വിവിധ റൂട്ടുകളിലായി സംസ്ഥാനത്ത് ഓടിയിരുന്ന 54 ഓളം പാസഞ്ചറാണ് കോവിഡിന്‍റെ പേരിൽ നിർത്തിയത്. എക്സ്പ്രസ് ട്രെയിനുകളിലടക്കം ജനറൽ കമ്പാർട്ട്മെന്‍റുകൾ പുനരാംഭിച്ചിട്ടും പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിൽ റെയിൽവേ ചവിട്ടിപ്പിടിത്തം തുടരുകയാണ്. ഇതുമൂലം ഹ്രസ്വദൂരങ്ങളിലേക്കുള്ള സ്ഥിരയാത്രക്കാരടക്കം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. എണ്ണ വില വർധനയെതുടർന്ന് മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലെല്ലാം യാത്രനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. പാസഞ്ചറുകൾ തിരികെയെത്താത്ത സാഹചര്യത്തിൽ നിരക്ക് കൂടുതലുള്ള എക്സ്പ്രസ് ട്രെയിനുകളുടെ ആശ്രയിക്കലേ നിവൃത്തിയുള്ളൂ. പാസഞ്ചറുകൾ എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് റെയിൽവേയും കൃത്യമായ മറുപടി പറയുന്നില്ല. മൂന്നോളം പാസഞ്ചർ ട്രെയിനുകളുടെ സമയത്ത് 'അൺ റിസർവ്ഡ് എക്സ്പ്രസുകൾ' ഓടിച്ചാണ് റെയിൽവേയുടെ പുതിയ പരീക്ഷണം. ഇതിലാകട്ടെ എല്ലാം ജനറൽ കോച്ചുകളാണെങ്കിയും എക്സ്പ്രസ് നിരക്ക് നൽകണം. നേരത്തേ പാസഞ്ചറുകൾക്കുണ്ടായിരുന്ന സ്റ്റോപ്പുകളും വെട്ടിക്കുറച്ചിട്ടുണ്ട്.

ലാഭത്തിൽ കണ്ണുവെച്ച് പാസഞ്ചർ സർവിസുകളെല്ലാം നിർത്താനും ആവശ്യവും സമ്മർദവുമുയരുന്ന സ്ഥലങ്ങളിൽ എക്സ്പ്രസുകളായി പുനരാരംഭിക്കാനുമുള്ള നീക്കത്തിന്‍റെ ഭാഗമാണ് റെയിൽവേയുടെ ഒളിച്ചുകളിയെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലേക്കുള്ള പാസഞ്ചർ ട്രെയിനുകളിൽ പ്രതിദിനം ജോലിക്ക് പോയിരുന്നവർ നിരവധിയാണ്. സ്വകാര്യമേഖലയിലും കച്ചവടസ്ഥാപനങ്ങളിലും മറ്റും കുറഞ്ഞ വേതനത്തിനാണ് ഇവർ തൊഴിലെടുക്കുന്നത്. പാസഞ്ചറുകൾ ഇല്ലാതായതോടെ സമയത്തിന് തൊഴിലിടങ്ങളിലെത്താൻ സൂപ്പർ ഫാസ്റ്റുകളെവരെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോൾ.

പാസഞ്ചറുകളില്ലാത്തതിനാൽ ദീർഘദൂര ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ നിന്നുതിരിയാൻ ഇടയില്ലാത്തവിധം തിരക്കാണ് അനുഭവപ്പെടുന്നത്. ഇതൊഴിവാക്കി ബസുകളെ ആശ്രയിച്ചാലാകട്ടെ ഇരട്ടി നിരക്കാണ് നൽകേണ്ടി വരിക. പാസഞ്ചറുകൾ പുനഃസ്ഥാപിക്കുന്ന കാര്യം റെയിൽവേ ഡിവിഷൻ മാനേജറുമായുള്ള യോഗത്തിൽ സംസ്ഥാനസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. റെയിൽവേ ബോർഡിന്‍റെ അനുമതിയോടെ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. 

Tags:    
News Summary - Passengers stopped at Covid were not restored by the Railways

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.