പയ്യന്നൂർ: ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾ അറസ്റ്റിൽ. സി.പി.എം പ്രവർത്തകരായ രാമന്തളി കക്കംപാറയിലെ നടുവിലെ പുരയിൽ റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പിൽ ജ്യോതിഷ് (26) എന്നിവരെയാണ് കേസന്വേഷിക്കുന്ന തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരനും സംഘവും അറസ്റ്റ്ചെയ്തത്. പ്രതികളെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു.
രഹസ്യസങ്കേതത്തിൽവെച്ച് കസ്റ്റഡിയിലെടുത്ത ഇവരെ പയ്യന്നൂർ സർക്കിൾ ഇൻസ്പെക്ടർ ഓഫിസിലെത്തിച്ച് ചോദ്യംചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിനേഷിന് കൊലയിൽ പ്രധാന പങ്കുള്ളതായി തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ പറഞ്ഞു. കൊല്ലപ്പെട്ട ബിജുവിെൻറ നീക്കം നിരീക്ഷിച്ച് വിവരം നൽകിയത് ജ്യോതിഷാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കാറും കാറിെൻറ ആർ.സി ഉടമയെയും കാർ വാടകക്കെടുത്തയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇവർ കേസിൽ ഉൾപ്പെടാൻ സാധ്യതയില്ലെന്നാണ് വിവരം.
കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് കാനായി മണിയറയിൽവെച്ചാണ് കാർ കണ്ടെത്തിയത്. കാറിനകത്തും പുറത്തും മുളകുപൊടി വിതറിയതായും കണ്ടെത്തി. കാറിെൻറ മുൻഭാഗത്ത് ബൈക്കിടിച്ച അടയാളവും കണ്ടെത്തി. ഇക്കാര്യം ബൈക്കും കാറും ഫോറൻസിക് പരിശോധന നടത്തി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു സി.പി.എം പ്രവർത്തകർ സംഭവത്തിൽ ഉൾപ്പെട്ടതായി ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പണ്ടാരവളപ്പിൽ രാജേഷ് മൊഴി നൽകിയിരുന്നു. ഇത് ശരിയാണെന്ന നിഗമനത്തിലാണ് പൊലീസ്.
എന്നാൽ, പ്രതികളുടെ എണ്ണവും സംഭവത്തിലെ പങ്കും കൂടുതൽ അന്വേഷണത്തിലൂടെ മാത്രമെ പറയാനാവൂ എന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികൾ ഉടൻ വലയിലാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ പാലക്കോട് പാലത്തിനടുത്തു വെച്ചാണ് ബിജു കൊലചെയ്യപ്പെട്ടത്. ബൈക്കിൽ ഇന്നോവ കാറിടിച്ചശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന രാജേഷ് ഓടിരക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.