കണ്ണൂര്‍: പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തില്‍ സി.പി.എമ്മിന്റെ അനുനയ നീക്കം പാളി. പൊതുപ്രവർത്തനം അവസാനിപ്പിച്ചുവെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മുൻ ഏരിയ സെക്രട്ടറി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. പി ജയരാജനുമായി ഖാദി ഓഫിസില്‍ കുഞ്ഞിക്കൃഷ്ണൻ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ടത്. ജയരാജനെ കണ്ടിരുന്നതായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
ഫണ്ട് വിവാദത്തില്‍ പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്തുവെന്ന പരാതിയാണ് കുഞ്ഞികൃഷ്ണന്‍ മുന്നോട്ടുവെച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്.
ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നു പുറത്താക്കിയത് ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലല്ലെന്നും പയ്യന്നൂരിലെ പാര്‍ട്ടിയെ ഐക്യത്തോടെ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വി കുഞ്ഞിക്കൃഷ്ണനെ ചുമതലയിൽ നിന്ന് നീക്കി സംസ്ഥാന കമ്മിറ്റി അംഗത്തിന് ചുമതല നല്‍കിയതെന്ന് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍ ഫണ്ട് ക്രമക്കേട് വിവാദത്തില്‍ നേതൃത്വം സ്വീകരിച്ച നടപടിക്കെതിരെ പ്രാദേശിക കമ്മിറ്റികള്‍ക്കൊപ്പം സാമൂഹികമാധ്യമങ്ങളില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 'സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീരനായ നേതാവ്' എന്ന പോസ്റ്റര്‍ ഒട്ടേറെ പേരാണ് പങ്കുവെച്ചത്.
'കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുക എന്ന പാര്‍ട്ടി നയം തിരുത്തുക' എന്ന പോസ്റ്ററും പ്രചരിച്ചു. ജൂണ്‍ 26നും 27നും ചേരുന്ന സംസ്ഥാന കമ്മിറ്റി പയ്യന്നൂരിലെ ഫണ്ട് വിവാദം ചര്‍ച്ച ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.