ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് പി.സി. ജോർജ്: ‘ജനം ഇങ്ങനെയും ചെയ്യുമെന്ന് നേതാക്കൾ മനസിലാക്കട്ടെ’

കോട്ടയം: കേന്ദ്രത്തിൽ ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ജനം ഇങ്ങനെയും ചെയ്യുമെന്ന് നമ്മുടെ പല നേതാക്കളും മനസിലാക്കട്ടെയെന്നും എങ്കിൽ കുറവുകള്‍ പരിശോധിച്ച് തിരുത്തി ശക്തമായി പോകാന്‍ കഴിയുമെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

'കേന്ദ്രത്തില്‍ മോദിസര്‍ക്കാരിന്റെ പ്രഭാവം കുറഞ്ഞിട്ടുണ്ട്. അത് നന്നായി എന്നാണ് എന്റെ അഭിപ്രായം. കാരണം, ജനം ഇങ്ങനെയും ചെയ്യുമെന്ന് നമ്മുടെ പല നേതാക്കളും മനസിലാക്കട്ടെ. അതിന്റെ ഗുണം എന്താന്നുവെച്ചാല്‍ വരുന്നകാലത്ത് കുറവുകള്‍ എന്താണെന്ന് പരിശോധിച്ച് തിരുത്തി ശക്തമായി പോകാന്‍ കഴിയും. ബി.ജെ.പിക്ക് നല്ല ഭാവിയുണ്ട്. ഇന്ത്യയുടെ രക്ഷ ബി.ജെ.പിയിലാണ്. അങ്ങനെ പോയാല്‍ ഇന്ത്യ മഹാരാജ്യം ബി.ജെ.പിയുടെ കയ്യില്‍ 15 കൊല്ലത്തേക്ക് കൂടി സുരക്ഷിതമായിരിക്കുമെന്നതില്‍ സംശയം വേണ്ട.' -ജോര്‍ജ് പറഞ്ഞു.

രാമക്ഷേത്രം ഉൾപ്പെട്ട അയോധ്യയിൽ ബി.ജെ.പി പിറകിൽ പോയതിനെ കുറിച്ച് ചോദിച്ചപ്പോൾ ജോർജിന്റെ മറുപടി ഇങ്ങനെ: ‘യോഗി ആദിത്യനാഥിനെ എന്തോ കാരണത്താൽ ഇലക്ഷൻ ഫീൽഡിൽ കണ്ടില്ല. അദ്ദേഹത്തിന്റെ കൈയിലാണ് യു.പിയിലെ ജനം. യോഗിയെ കാണാത്തതിന് അടിയിലുള്ള കാരണം എനിക്കറിയില്ല. അതിന് പിന്നിൽ എന്തോ ഉണ്ട്. മാധ്യമങ്ങൾ അത് കണ്ടെത്തട്ടെ. ഞാൻ പറയുന്നില്ല’.

പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിക്ക് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും വലിയ ഓളമാണ് ഇപ്പോൾ ഉണ്ടാക്കിയതെന്നും ജോർജ് പറഞ്ഞു. ‘അയാൾക്ക് ഇതില്‍ കൂടുതല്‍ പറ്റില്ല. കാരണം നാടുമായി ഒരുബന്ധവുമില്ല. പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ട് വന്നതാണെന്നേ ഉള്ളൂ. ബി.ജെ.പിയുടെ വോട്ട് പോലും വീണില്ല. തൃശൂരെങ്ങനെയാ സുരേഷ് ഗോപി വോട്ട് നേടിയത്? അയാളവിടെ പോയങ്ങ് കിടക്കുകയാ. നാടുമായിട്ടുള്ള ബന്ധം. എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട്, എല്ലാവരുമായും ബന്ധം സ്ഥാപിച്ചു' -ജോര്‍ജ് പറഞ്ഞു.

'അനില്‍ ആന്റണിയെ ഞാന്‍ ആദ്യമായി അറിയുന്നത് ഇവിടെ വന്നിട്ടാണ്. അതിന് മുമ്പ് അറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം പാളിപ്പോയി. കെ. സുരേന്ദ്രനോ രമേശോ കുമ്മനം രാജശേഖരനോ ശ്രീധരന്‍പിള്ളയോ നിന്നിരുന്നെങ്കില്‍ ഇവിടെ ബി.ജെ.പി. വിജയിച്ചേനെ. ഇയാളെ ആളുകള്‍ക്ക് അറിയില്ല. മലയാളത്തില്‍ പ്രസംഗിക്കാനും അറിയില്ല' -ജോർജ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കുമ്പോൾ‍ വളരെയേറെ ചിന്തിക്കാനുണ്ട്. നാടുമായി ബന്ധമുള്ളതോ നാട്ടിൽ അറിയപ്പെടുന്നതോ സംസ്ഥാനതലത്തിൽ അറിയപ്പെടുന്നതോ ആയവരെയാണ് സ്ഥാനാർഥിയാക്കേണ്ടത്. എങ്കിലേ ഒരു നിലയും വിലയുമുണ്ടാകൂ. ജനങ്ങൾക്ക് അത്തരക്കാരോട് ആഭിമുഖ്യമുണ്ടാകും. അല്ലെങ്കിൽ സ്വന്തം പാർട്ടിക്ക് വോട്ട് ഉണ്ടാകണം. സി.പി.എമ്മിന് സ്വന്തം നിലയിൽ വോട്ടുള്ളതിനാൽ ആരെ നിർത്തിയാലും എവിടെ നിന്നും ജയിക്കാനാകും. ബി.ജെ.പി പതുക്കെ വളരുന്ന പാർട്ടിയാണെന്നും പി.സി. ജോർജ് വ്യക്തമാക്കി.

Tags:    
News Summary - PC George about Lok Sabha Election Result 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.