പി.സി ജോര്‍ജ് പറഞ്ഞത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത -വി.ഡി സതീശൻ

തിരുവല്ല: വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയതയാണ് പി.സി ജോര്‍ജ് പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരെ സന്തോഷിപ്പിക്കാനാണ് ഇത് പറഞ്ഞതെന്ന് വ്യക്തമല്ല. കരുതലോടെ മുന്‍കൂട്ടി നടത്തിയ പ്രസംഗമാണിത്. അതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്തെ ബി.ജെ.പി ഭരണത്തിന് ദേശീയ തലത്തില്‍ മാന്യത നല്‍കുന്നതിന് വേണ്ടി ബി.ജെ.പിയും കേരളത്തിലെ സി.പി.എമ്മും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം. 2013ല്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ ഗുജറാത്ത് സന്ദര്‍ശിച്ചതിനെ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി രൂക്ഷമായാണ് വിമര്‍ശിച്ചത്. വര്‍ഗീയ ശക്തികള്‍ ഭരിക്കുന്ന സംസ്ഥാനത്ത് കേരളത്തിലെ ഒരു മന്ത്രി പോയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അനുമതിയോടെയാണെന്നും ബി.ജെ.പിയെ സഹായിക്കുന്നതിനു വേണ്ടിയാണെന്നുമാണ് പിണറായി പറഞ്ഞത്.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പായി കേരളത്തിലെ ചീഫ് സെക്രട്ടറി അവിടെ പോകാന്‍ തീരുമാനിക്കുകയും ഗുജറാത്ത് മോഡലിനെ കുറിച്ച് പ്രകീര്‍ത്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശ പ്രകാരമാണ്. കേരള മോഡലില്‍ അഭിമാനിച്ചിരുന്ന സി.പി.എം നേതാക്കാള്‍ ഇപ്പോള്‍ ഗുജറാത്ത് മോഡലില്‍ അഭിമാനിക്കുന്നത് വളരെ വിചിത്രമാണ്. സി.പി.എം- സംഘ്പരിവാര്‍ അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ അടയാളമാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം.

കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പോലും ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെ വാഴ്ത്തുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുക എന്ന ദുഷ്ടലക്ഷ്യമാണ് കേരളത്തിലെ സി.പി.എമ്മിന്. പാര്‍ട്ടി കോണ്‍ഗ്രസിലെ സ്വാഗത പ്രസംഗത്തില്‍ പോലും മോദിക്കോ ബി.ജെ.പിക്കോ സംഘ്പരിവാറിനോ എതിരെ ശബ്ദിക്കാതിരുന്ന പിണറായി വിജയന്‍ സംഘ്പരിവാറുമായി ഉണ്ടാക്കിയിരിക്കുന്ന ബാന്ധവത്തിന്റെ ഉദാഹരണമാണ് ഗുജറാത്ത് സന്ദര്‍ശനം.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകര്‍ന്ന് തരിപ്പണമായിരിക്കുന്ന സാഹചര്യത്തിലും സില്‍വര്‍ ലൈനുമായി പോകുന്നതിനെ യു.ഡി.എഫ് ശക്തിയായി എതിര്‍ക്കുക തന്നെ ചെയ്യും. സംസ്ഥാനത്തിന്റെ സാമ്പത്തിക നില ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക നില വ്യക്തമാക്കുന്നതിന് ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

സിനിമാ മേഖലയില്‍ നിന്നും നിരന്തരമായി പരാതികള്‍ ഉയരുകയാണ്. അതിനെ ഗൗരവത്തോട് കൂടിയാണ് നോക്കിക്കാണേണ്ടത്. സര്‍ക്കാര്‍ എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുന്നത്? റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറാകണം. അത് നിയമസഭക്ക് അകത്തും പുറത്തും ചര്‍ച്ച ചെയ്യണം. സിനിമ മേഖലയില്‍ ഇത്തരം അനാശാസ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വേണ്ടി ഈ റിപ്പോര്‍ട്ട് പുറത്ത് വരേണ്ടതുണ്ട്. ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.

സി.പി.ഐയുടെ പല പ്രവര്‍ത്തകരും കെ റെയില്‍ കുറ്റി ഊരി എറിയാന്‍ യു.ഡി.എഫിനൊപ്പമുണ്ട്. കെ റെയില്‍ കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കുമെന്ന് പറയുന്ന കാനം രാജേന്ദ്രന്‍ ആദ്യം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് ബോധ്യപ്പെടുത്തേണ്ടതെന്നും വി.ഡി സതീശൻ വ്യക്തമാക്കി. 

Tags:    
News Summary - PC George said communalism that ignites water - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.